ADVERTISEMENT

മുംബൈ∙ ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തിയതോടെ വിരാട് കോലിക്കെതിരെ ആരാധകരുടെ രൂക്ഷവിമർശനം. രണ്ടാം ഇന്നിങ്സിൽ ഏഴു പന്തുകൾ നേരിട്ട കോലി ഒരു റൺ മാത്രമെടുത്തു പുറത്തായിരുന്നു. അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്താണു കോലിയെ മടക്കിയത്. ക്യാപ്റ്റൻ രോഹിത് ശർമ (11 റൺസ്), ശുഭ്മന്‍ ഗിൽ (നാലു പന്തിൽ ഒന്ന്) എന്നിവരെ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് കോലിയും പുറത്തായത്. ആദ്യ ഇന്നിങ്സിലും കോലി ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയിരുന്നു.

ആറു പന്തുകൾ നേരിട്ട താരം നാലു റൺസെടുത്തു റൺഔട്ടാകുകയായിരുന്നു. പുണെയിൽ 1,17 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകൾ. തുടർച്ചയായി നിരാശപ്പെടുത്തിയതോടെ കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കേണ്ട സമയമായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ട്വന്റി20 ലോകകപ്പിനു പിന്നാലെ കോലി ട്വന്റി20 ഫോർമാറ്റിൽനിന്നു വിരമിച്ചിരുന്നു.

കോലി ഇംഗ്ലണ്ടിലേക്കു പോയി അവിടെ സ്ഥിരതാമസമാക്കുന്നതാണു നല്ലതെന്ന് ഒരു ആരാധകൻ എക്സ് പ്ലാറ്റ്ഫോമിൽ തുറന്നടിച്ചു. ‘‘ക്രിക്കറ്റിനും പരസ്യ ഷൂട്ടിങ്ങിനുമായി മാത്രം കോലി ഇന്ത്യയിലേക്കു വരുന്നത് ഒരുപാടു കാലം നീളില്ല. കോലിക്കൊപ്പം രോഹിത് ശർമയും വിരമിക്കണം. ബോർഡർ ഗാവസ്കര്‍ ട്രോഫിയിൽ എന്തു ചെയ്താലും കാര്യമില്ല, നാട്ടിൽ വൈറ്റ് വാഷ് ആകുന്നത് അവരുടെ കരിയറിന് കളങ്കമാകും.’’– ഒരു ആരാധകൻ പ്രതികരിച്ചു.

ഇങ്ങനെയൊരു പ്രകടനം നടത്തിയിട്ട് കോലി എത്ര സെഞ്ചറിയടിച്ചിട്ടുണ്ടെന്നു പറഞ്ഞാലും കാര്യമില്ലെന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. ‘‘ഒന്നുകിൽ ക്രിക്കറ്റില്‍ ശ്രദ്ധിക്കുക, അല്ലെങ്കിൽ വിരമിച്ച് കുടുംബ കാര്യങ്ങൾ നോക്കുക. നിങ്ങളുടെ നിലവാരം എത്രത്തോളം ഉണ്ടായാലും അതിലൊന്നും കാര്യമില്ല.’’– എക്സ് പ്ലാറ്റ്ഫോമിൽ ഒരു ആരാധകൻ വിമർശിച്ചു.

English Summary:

Fans slams Virat Kohli after disappointing out against New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com