മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോൽവി, ന്യൂസീലൻഡിന് 25 റൺസ് വിജയം; ‘വൈറ്റ് വാഷ്’
Mail This Article
മുംബൈ∙ ഒടുവിൽ ഇന്ത്യ ഭയന്നതു തന്നെ സംഭവിച്ചു. 147 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ 121 റൺസിന് രണ്ടാം ഇന്നിങ്സിൽ ഓൾ ഔട്ടായി. 25 റൺസ് വിജയത്തോടെ ന്യൂസീലൻഡ് പരമ്പര 3–0ന് സ്വന്തമാക്കി. ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളെല്ലാം തോൽക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. വൈറ്റ് വാഷ് ഒഴിവാക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്കായി ഋഷഭ് പന്ത് അർധ സെഞ്ചറി നേടിയെങ്കിലും രണ്ടാം ഇന്നിങ്സിൽ മറ്റാര്‍ക്കും തിളങ്ങാൻ സാധിച്ചില്ല. 57 പന്തുകൾ നേരിട്ട താരം 64 റൺസെടുത്തു പുറത്തായി.
മൂന്നാം ദിവസം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 29 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ (11 പന്തിൽ 11), യശസ്വി ജയ്സ്വാൾ (16 പന്തിൽ അഞ്ച്), ശുഭ്മൻ ഗില്‍ (ഒന്ന്), വിരാട് കോലി (ഒന്ന്), സർഫറാസ് ഖാൻ (ഒന്ന്) എന്നിവരാണ് തുടക്കത്തിൽ തന്നെ പുറത്തായി മടങ്ങിയത്. രവീന്ദ്ര ജഡേജ (22 പന്തിൽ ആറ്), വാഷിങ്ടൻ സുന്ദർ (69 പന്തിൽ 12), ആർ. അശ്വിൻ (29 പന്തിൽ എട്ട്) എന്നിവരും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.
സ്കോർ 13ൽ നിൽക്കെ മാറ്റ് ഹെൻറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്താണ് രോഹിത് പുറത്തായത്. ഗില്ലും കോലിയും അജാസ് പട്ടേലിന്റെ പന്തിൽ പുറത്തായി മടങ്ങി. യശസ്വി ജയ്സ്വാളിനെ ഫിലിപ്സ് എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാനെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ രചിൻ രവീന്ദ്ര ക്യാച്ചെടുത്തു പുറത്താക്കി.
ഋഷഭ് പന്ത് തകർത്തടിച്ചതോടെ ഇന്ത്യ 100 കടന്നു. ഒരു സിക്സും ഒൻപതു ഫോറുകളുമാണ് ഋഷഭ് പന്ത് ബൗണ്ടറി കടത്തിയത്. വിജയപ്രതീക്ഷയിൽ നിൽക്കെ പന്തിനെ അജാസ് പട്ടേൽ പുറത്താക്കിയത് കളിയിൽ നിർണായകമായി. പിന്നാലെയെത്തിയവർക്കും പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്നതോടെ ഇന്ത്യ മൂന്നാം തോൽവിയിലേക്കു വീണു. രണ്ടാം ഇന്നിങ്സിൽ കിവീസിനായി അജാസ് പട്ടേൽ ആറു വിക്കറ്റുകൾ സ്വന്തമാക്കി.
മൂന്നാം ദിവസം 45.5 ഓവറിൽ 174 റൺസെടുത്ത് ന്യൂസീലൻഡ് പുറത്തായി. രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്സിലും അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. മുംബൈ ടെസ്റ്റിൽ 10 വിക്കറ്റുകളാണ് ജഡേജ എറിഞ്ഞിട്ടത്. വിൽ യങ് അർധ സെഞ്ചറി നേടി. 100 പന്തുകൾ നേരിട്ട താരം 51 റണ്‍സെടുത്തു പുറത്തായി. ഗ്ലെൻ ഫിലിപ്സ് (14 പന്തിൽ 26), ഡെവോൺ കോൺവെ (47 പന്തിൽ 22) എന്നിവരും പ്രതിരോധിച്ചുനിന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 28 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ന്യൂസീലൻഡ് 235 റൺസെടുത്തു പുറത്തായപ്പോൾ ഇന്ത്യ 263 റൺസ് നേടി.