മറ്റു ടീമുകളെ നോക്കണ്ട, ഇന്ത്യയ്ക്ക് ഫൈനല്‍ കളിക്കാം; പക്ഷേ ഓസ്ട്രേലിയയിൽ ചിലത് നടക്കണം!
Mail This Article
മുംബൈ∙ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യയ്ക്കു തിരിച്ചടി. പോയിന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു വീണു. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 14 കളികളിൽ 58.33 പോയിന്റു ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. 62.50 പോയിന്റ് ശതമാനമുള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതോടെ ഇന്ത്യയ്ക്ക് ഫൈനൽ യോഗ്യത നേരിട്ട് ഉറപ്പിക്കാൻ ഒരു വഴിയാണു ബാക്കിയുള്ളത്.
കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നാലു മത്സരങ്ങൾ ജയിച്ചാൽ ഇന്ത്യ ലോകചാംപ്യൻഷിപ്പിനു യോഗ്യത നേടും. ഒരു കളി സമനിലയിലാകുകയും വേണം. മറ്റു ടീമുകളുടെ മത്സരഫലങ്ങൾ ഇന്ത്യയെ ബാധിക്കുകയുമില്ല. പക്ഷേ ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ– ഗാവസ്കർ ട്രോഫിയിലെ അഞ്ചിൽ നാലു കളികളും ജയിക്കുകയെന്നത് ഇന്ത്യയ്ക്കു വലിയ വെല്ലുവിളി തന്നെയാണ്.
അതേസമയം ഒന്നാം സ്ഥാനത്തുള്ള ഓസീസിന് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കു പുറമേ, ശ്രീലങ്കയോടും രണ്ടു ടെസ്റ്റുകളുണ്ട്. ഏഴു കളികളിൽ അഞ്ചെണ്ണം വിജയിച്ചാൽ ഓസീസിന് ഫൈനൽ യോഗ്യത നേടാം. പോയിന്റ് ടേബിളിൽ മൂന്നാമതുള്ള ശ്രീലങ്കയ്ക്കും നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും ഫൈനലിൽ കടക്കാൻ ഇനിയും അവസരങ്ങളുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരകളിലെ എല്ലാ കളികളും ജയിച്ചാൽ ശ്രീലങ്ക ഫൈനലിലേക്കു കുതിക്കും. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ ന്യൂസീലൻഡ് മൂന്നു കളികളും ജയിച്ചാൽ അവർക്കും ഫൈനലിൽ കടക്കാം. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും പാക്കിസ്ഥാനെയും 2–0ന് തോൽപിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും ഫൈനൽ സ്വപ്നം കാണാം.