ഐപിഎൽ താരലേലം സൗദി അറേബ്യയിൽ, തീയതി പ്രഖ്യാപിച്ചു; അവസരം തേടി ഇറ്റലിയിൽനിന്നുള്ള താരവും
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ താരലേലം നവംബര്‍ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ലേലത്തിനുള്ള താരങ്ങളുടെ റജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിച്ചപ്പോൾ, 1574 കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തത്. അതിൽ 1165 പേരും ഇന്ത്യക്കാരാണ്, 409 വിദേശ താരങ്ങളും ലേലത്തിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യാന്തര മത്സരങ്ങള്‍ കളിച്ച 320 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കാനൊരുങ്ങുന്നത്. ഓരോ ടീമുകൾക്കും പരമാവധി 25 താരങ്ങളെ വരെ അടുത്ത സീസണിലേക്ക് സ്വന്തമാക്കാം. യുഎസിൽനിന്ന് 10 പേരും യുഎഇയിൽനിന്നും ഇറ്റലിയിൽനിന്നും ഓരോ താരങ്ങളും ലേലത്തിനായി റജിസ്റ്റർ ചെയ്തു. ലേലത്തിൽ 10 ഫ്രാഞ്ചൈസികളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക.
120 കോടി രൂപയാണ് ടീമുകളെ തയാറാക്കാൻ ഫ്രാഞ്ചൈസികൾക്ക് ആകെ ചെലവാക്കാൻ സാധിക്കുന്നത്. താരങ്ങളുടെ നിലനിർത്തൽ പൂർത്തിയായപ്പോള്‍, പഞ്ചാബ് കിങ്സിന്റെ പഴ്സിലാണ് കൂടുതൽ തുക ബാക്കിയുള്ളത്. രണ്ടു താരങ്ങളെ മാത്രം നിലനിർത്തിയ പഞ്ചാബിന് 110.5 കോടി രൂപ ബാക്കിയുണ്ട്. ഏറ്റവും കുറഞ്ഞ തുക പഴ്സിലുള്ള രാജസ്ഥാൻ റോയൽസിന് 41 കോടി രൂപയാണു ബാക്കിയുള്ളത്.