ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ എയ്ക്ക് ദയനീയ തോൽവി. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബാറ്റിങ്ങിൽ പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യയെ, ആറു വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഇന്ത്യ എ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 47.5 ഓവറിൽ ഓസ്ട്രേലിയ എ മറികടന്നു. അർധസെഞ്ചറി നേടിയ സാം കോൺസ്റ്റാസാണ് (128 പന്തിൽ പുറത്താകാതെ 73) ഓസീസിന്റെ ടോപ് സ്കോറർ. ഒന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ, ബോർഡർ – ഗാവസ്കർ ട്രോഫിക്കു മുന്നോടിയായുള്ള രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങി.

168 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്റെ രണ്ടു വിക്കറ്റുകൾ വെറും ഒരു റണ്ണിനിടെ വീഴ്ത്തി ഇന്ത്യയ്ക്ക് പ്രസിദ്ധ് കൃഷ്ണ മികച്ച തുടക്കം സമ്മാനിച്ചതാണ്. പിന്നീട് നാലിന് 73 റൺസെന്ന നിലയിലും ഓസീസ് തകർന്നതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടെങ്കിലും, പിരിയാത്ത അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് (96) തീർത്ത് സാം കോൺസ്റ്റാസ് – ബ്യൂ വെബ്സ്റ്റർ സഖ്യം ഓസീസിനെ വിജയത്തിലെത്തിച്ചു. കോൺസ്റ്റാസ് 128 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് 73 റൺസെടുത്തത്. വെബ്സ്റ്റർ 66 പന്തിൽ ആറു ഫോറുകളോടെ 46 റൺസെടുത്തു.

ഓപ്പണറും ക്യാപ്റ്റനുമായ നഥാൻ മക്സ്വീനി (69 പന്തിൽ ഒരു ഫോർ സഹിതം 25), ഒലിവർ ഡേവിസ് (22 പന്തിൽ മൂന്നു ഫോറുകൾസഹിതം 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചറിയുമായി ടോപ് സ്കോററായ ഓപ്പണർ മാർക്കസ് ഹാരിസ്, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർ ഗോൾഡൻ ഡക്കായി. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ 12 ഓവറിൽ 37 റൺസ് വഴങ്ങി രണ്ടും മുകേഷ് കുമാർ, തനുഷ് കൊട്ടിയൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ വീണ്ടും രക്ഷകനായി ധ്രുവ് ജുറേൽ

രണ്ടാം ഇന്നിങ്സിലും വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ അർധസെഞ്ചറിയുമായി തിളങ്ങിയതോടെയാണ് ഇന്ത്യ എ ഓസീസിനു മുന്നിൽ 168 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ വാലറ്റക്കാരുടെ കൂടി സഹായത്തോടെ പൊരുതിയ ഇന്ത്യ 77.5 ഓവറിൽ 229 റൺസിനു പുറത്തായി. 122 പന്തിൽ അഞ്ച് ഫോറുകളോടെ 68 റൺസെടുത്ത ധ്രുവ് ജുറേൽ ഒരിക്കൽക്കൂടി ഇന്ത്യയുടെ ടോപ് സ്കോററായി. ജുറേലിനു പുറമേ നിതീഷ് റെഡ്ഡി (81 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 38), തനുഷ് കൊട്ടിയൻ‍ (84 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 44), പ്രസിദ്ധ് കൃഷ്ണ (43 പന്തിൽ അഞ്ച് ഫോറുകളോടെ 29) എന്നിവരുടെ സംഭാവനകൾ കൂടി ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ 220 കടന്നത്.

ഒരു ഘട്ടത്തിൽ അഞ്ചിന് 56 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ അർധസെഞ്ചറി കൂട്ടുകെട്ടാണ് ബലമായത്. ആറാം വിക്കറ്റിൽ ജുറേൽ – നിതീഷ് റെഡ്ഡി സഖ്യത്തിന് സെഞ്ചറി കൂട്ടുകെട്ട് നഷ്ടമായത് വെറും ആറു  റൺസിനാണ്. ഇരുവരും കൂട്ടിച്ചേർത്തത് 94 റൺസ്. എട്ടാം വിക്കറ്റിൽ പ്രസിദ്ധ് കൃഷ്ണ – തനു കൊട്ടിയൻ സഖ്യത്തിനും അർധസെഞ്ചറി കൂട്ടുകെട്ട് നഷ്ടമായത് വെറും ഒരു റണ്ണിനാണ്. 81 പന്തിൽ 49 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.ഓസ്ട്രേലിയയ്ക്കായി കോറി റോച്ചികിയോളി 23.5 ഓവറിൽ 74 റൺസ് വഴങ്ങഇ നാലു വിക്കറ്റ് വീഴ്ത്തി. ബ്യൂ വെബ്സ്റ്റർ മൂന്നും നഥാൻ മക്ആൻഡ്രൂ രണ്ടും നഥാൻ മക്‌സ്വീനി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തേ, കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയത്. 56 റൺസ് എടുക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 31 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണർമാരായ അഭിമന്യു ഈശ്വരൻ (31 പന്തിൽ രണ്ടു ഫോറുകവോടെ 17), കെ.എൽ. രാഹുൽ (44 പന്തിൽ 10), സായ് സുദർശൻ (എട്ടു പന്തിൽ 3), ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (20 പന്തിൽ ഒരു ഫോർ സഹിതം 11), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓപ്പണിങ് വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കം കുറിച്ച ഇന്ത്യ, പിന്നാലെ 31 റൺസിനിടെ 5 വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തോടെ തകരുകയായിരുന്നു.

∙ ഇന്ത്യ 161, ഓസീസ് 223

നേരത്തേ, ഒന്നാം ഇന്നിങ്സിൽ 161 റൺസിൽ എറിഞ്ഞൊതുക്കിയ ഓസ്ട്രേലിയ എയ്ക്ക് അവരുടെ തട്ടകത്തിൽ അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ എ 223 റൺസിന് അവരെ എറിഞ്ഞിടുകയായിരുന്നു. 62.1 ഓവറിലാണ് ഓസ്ട്രേലിയ എ 223 റൺസെടുത്തത്. ഇതോടെ ഓസീസിന് ലഭിച്ചത് 62 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. അർധസെഞ്ചറിയുമായി ഇന്ത്യൻ ബോളിങ്ങിനെ പ്രതിരോധിച്ചുനിന്ന ഓപ്പണർ മാർക്കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്കോറർ. 138 പന്തിൽ 74 റൺസാണ് ഹാരിസിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാലും മുകേഷ് കുമാർ മൂന്നും വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ കൂട്ടത്തകർച്ചയെ നേരിട്ട ഇന്ത്യ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ തകർപ്പൻ അർധസെഞ്ചറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 പന്തുകൾ  നേരിച്ച ജുറേൽ ആറു ഫോറും 2 സിക്സും സഹിതം 80 റൺസെടുത്തു. ദേവ്ദത്ത് പടിക്കൽ (55 പന്തിൽ 26), നിതീഷ് റെഡ്ഡി (35 പന്തിൽ 16), പ്രസിദ്ധ് കൃഷ്ണ (37 പന്തിൽ 14) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസീസിനായി മൈക്കൽ നെസർ നാലും വെബ്സ്റ്റർ മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.

English Summary:

Australia A vs India A, 2nd unofficial Test, Day 3 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com