‘സഞ്ജു ഒരു സ്ഥാനം ഉറപ്പിച്ചു, കഴിഞ്ഞുപോയ അവസരങ്ങൾ തിരിച്ചുകിട്ടില്ല’; അഭിഷേക് ശർമയ്ക്ക് മുന്നറിയിപ്പ്
Mail This Article
മുംബൈ∙ മോശം ഫോമിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയ്ക്കു മുന്നറിയിപ്പുമായി മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സമയം നഷ്ടമായിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചുകിട്ടില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ വിമർശിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങളിൽ അഭിഷേകിന് തിളങ്ങാൻ സാധിക്കാതിരുന്നതോടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനിൽ നടക്കും. മികച്ച ഫോമിലുള്ള സഞ്ജു സാംസണിനൊപ്പം അഭിഷേക് ശർമ തന്നെ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ ഓപ്പണറാകും.
‘‘രണ്ടു മത്സരങ്ങൾ ഇപ്പോൾ പൂർത്തിയായി. സഞ്ജു സാംസണ്‍ ഒരു സ്ഥാനം ഏറക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. അവസാന മത്സരത്തിൽ അദ്ദേഹത്തിനു തിളങ്ങാൻ സാധിച്ചില്ലെങ്കിലും തുടർച്ചയായി രണ്ടു സെഞ്ചറികൾ അടിച്ച ബാറ്ററാണ് സഞ്ജു. ബംഗ്ലദേശിനെതിരെ ഹൈദരാബാദിൽ അഭിഷേക് പുറത്തായ രീതി മുൻപ് ഐപിഎല്ലിൽ എത്രയോ തവണ സംഭവിച്ചിട്ടുള്ളതാണ്. അഭിഷേകിനെ കാണുമ്പോൾ തന്നെ ബോളർമാർ ബൗണ്‍സറുകൾ എറിയാനാണു നോക്കുന്നത്. അതുകൊണ്ട് ആ പന്തുകളിൽ സിംഗിളുകൾ എടുക്കുക, തേർഡ് മാനിൽ റൺസുകൾ കണ്ടെത്താൻ ശ്രമിക്കുക’’– ആകാശ് ചോപ്ര പറഞ്ഞു.
‘‘ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ രണ്ടു മത്സരങ്ങളിലും രണ്ട് ഓവറുകള്‍ക്കുള്ളിൽ അഭിഷേക് ശർമ പുറത്തായി. നിങ്ങൾ ആവശ്യത്തിലധികം അഗ്രസീവ് ആണെന്നാണ് അതു കാണിക്കുന്നത്. ഇത്തരം ശൈലി നേരത്തേ നല്ലപോലെ നടപ്പാക്കിയിട്ടുണ്ടാകും. എന്നാൽ ഇപ്പോഴതു സാധിക്കുന്നില്ലെങ്കിൽ നിലയുറപ്പിക്കുന്നതിനായി കുറച്ചു സമയമെടുക്കുക. കാരണം ഈ അവസരം കടന്നുപോയാൽ പിന്നീട് അതു തിരിച്ചുകിട്ടില്ല.’’– ആകാശ് ചോപ്ര പ്രതികരിച്ചു.
രണ്ടാം ട്വന്റി20യിൽ നാലു റണ്‍സെടുത്ത അഭിഷേക് ശർമ ജെറാൾഡ് കോട്സീയുടെ പന്തിൽ പുറത്താകുകയായിരുന്നു. ആദ്യ മത്സരത്തിൽ കോട്സീയെ മിഡ് ഓഫിലേക്ക് ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു അഭിഷേകിന്റെ പുറത്താകൽ. കഴിഞ്ഞ മാസം നടന്ന എമർജിങ് ടീംസ് ഏഷ്യാ കപ്പിലാണ് അഭിഷേക് ഇന്ത്യയ്ക്കായി ഒടുവിൽ തിളങ്ങിയത്.