ഓൾ ടൈം സൂപ്പർ സ്റ്റാർ, മൂന്നു ഫോർമാറ്റിലും കേരളത്തിന്റെ ടോപ് സ്കോററായി സച്ചിൻ ബേബി
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റിലെ റൺ വേട്ടയുടെ അമരത്ത് ഇനി സച്ചിൻ ബേബി ഒറ്റയാൻ. ഇന്നലെ ഹരിയാനയ്ക്കെതിരായ മത്സരത്തിൽ രഞ്ജി ട്രോഫിയിൽ (ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്) ഏറ്റവും അധികം റൺസ് നേടുന്ന കേരള താരമായതോടെ മൂന്ന് ഫോർമാറ്റിലും കേരളത്തിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ സച്ചിനായി.
94–ാം രഞ്ജി ട്രോഫി മത്സരത്തിലാണ് സച്ചിൻ, രോഹൻ പ്രേമിനെ മറികടന്ന് രഞ്ജിയിലെയും ടോപ് സ്കോററായത്. ശരാശരി 40.42. ഇതിൽ 14 സെഞ്ചറികളും 26 അർധ സെഞ്ചറികളും ഉൾപ്പെടുന്നു. ഒരു ഇരട്ട സെഞ്ചറിയുമുണ്ട്. സെഞ്ചറികളിലും റെക്കോർഡ് സച്ചിന് സ്വന്തം. കഴിഞ്ഞ 2 രഞ്ജി സീസണിലും എണ്ണൂറിനു മുകളിൽ റൺസുമായി രാജ്യത്തെ തന്നെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഇടംനേടിയ ഇടംകയ്യൻ ബാറ്റർ, ഈ സീസണിൽ 4 മത്സരങ്ങളിൽ 2 അർധ സെഞ്ചറി നേടിയിട്ടുണ്ട്. കേരളത്തിനായി 102 ലിസ്റ്റ് എ (ഏകദിനം) മത്സരങ്ങളിൽ 4 സെഞ്ചറിയും 22 അർധ സെഞ്ചറിയുമടക്കം 3266 റൺസും (ശരാശരി 40.32) 98 ട്വന്റി20 മത്സരങ്ങളിൽ 10 അർധ സെഞ്ചറിയടക്കം 1925 റൺസും (ശരാശരി 28.73) നേടിയ സച്ചിൻ, പാർടൈം ഓഫ് സ്പിന്നറുമാണ്.
തൊടുപുഴക്കാരനായ സച്ചിൻ 2009–10 സീസണിലാണ് രഞ്ജി ട്രോഫിയിൽ അരങ്ങേറുന്നത്. 2013ൽ കേരള ക്യാപ്റ്റനായി. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളം ആദ്യമായി സെമിയിലെത്തിയതും സച്ചിന്റെ നേതൃത്വത്തിലാണ്.