ഇന്ത്യയെ വിറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തിന് ലേലത്തിൽ 10 കോടി കിട്ടുമോ? പ്രവചിച്ച് മുൻ താരം
Mail This Article
സെഞ്ചൂറിയൻ∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയ ദക്ഷിണാഫ്രിക്കൻ താരം മാർകോ യാൻസന് ഐപിഎൽ ലേലത്തിൽ പത്തു കോടി രൂപ ലഭിക്കുമോയെന്ന ചോദ്യവുമായി ദക്ഷിണാഫ്രിക്ക മുൻ താരം ഡെയ്ൽ സ്റ്റെയ്ൻ. ഇന്ത്യയ്ക്കെതിരായ താരത്തിന്റെ ബാറ്റിങ് പ്രകടനത്തിനു പിന്നാലെയാണ് താരലേലത്തിൽ യാൻസനു വേണ്ടി വലിയ പോരാട്ടം നടക്കുമെന്ന് സ്റ്റെയ്ൻ പ്രവചിച്ചത്. 17 പന്തുകൾ നേരിട്ട താരം മൂന്നാം മത്സരത്തിൽ 54 റൺസെടുത്താണു പുറത്തായത്.
16 പന്തുകളിലാണ് താരം ഇന്ത്യയ്ക്കെതിരായ അതിവേഗ ട്വന്റി20 അർധ സെഞ്ചറിയെന്ന റെക്കോർഡിലെത്തിയത്. അഞ്ച് സിക്സുകളും നാല് ഫോറുകളുമടിച്ച യാൻസൻ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായാണ് ഗ്രൗണ്ട് വിട്ടത്. അവസാന ഓവറിൽ യാൻസനെ അര്‍ഷ്ദീപ് സിങ് എൽബിഡബ്ല്യുവിൽ കുടുക്കിയതോടെയാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്.
220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണു നേടിയത്. 11 റൺസ് വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. നേരത്തേ ഇന്നിങ്സിലെ രണ്ടാം പന്തിൽ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണെ യാൻസൻ പൂജ്യത്തിനു പുറത്താക്കിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന യാൻസനെ അടുത്ത സീസണിലേക്കു നിലനിർത്തിയിരുന്നില്ല. നവംബർ 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഐപിഎൽ മെഗാലേലം നടക്കേണ്ടത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് യാൻസൻ.