ADVERTISEMENT

ന്യൂഡൽഹി∙ രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചറി പ്രകടനവുമായി രാജസ്ഥാൻ താരം മഹിപാൽ ലോംറോർ. ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ 360 പന്തുകൾ നേരിട്ട ലോംറോർ 300 റൺസെടുത്തു പുറത്താകാതെനിന്നു. 13 സിക്സുകളും 25 ഫോറുകളുമാണ് രാജസ്ഥാൻ ബാറ്റർ അടിച്ചുപറത്തിയത്. ടോസ് നഷ്ടപ്പെട്ടു ബാറ്റു ചെയ്യാനിറങ്ങിയ രാജസ്ഥാൻ ഏഴു വിക്കറ്റ് നഷ്ടത്തിൽ 660 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സ്കോർ 23ൽ നിൽക്കെ ഓപ്പണർ അഭിജിത് തോമറിനെ നഷ്ടമായതിനു പിന്നാലെയാണ് രാജസ്ഥാന്റെ രക്ഷയ്ക്കായി ലോംറോർ എത്തിയത്.

83 സ്ട്രൈക്ക് റേറ്റിൽ ലോംറോർ തകർത്തടിച്ചതോടെ രാജസ്ഥാൻ വമ്പൻ സ്കോറിലേക്കെത്തുകയായിരുന്നു. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായ 24 വയസ്സുകാരനെ അടുത്ത സീസണിലേക്ക് ആർസിബി നിലനിർത്തിയിട്ടില്ല. വിരാട് കോലി, രജത് പാട്ടീദാർ, യാഷ് ദയാൽ എന്നീ താരങ്ങളെ മാത്രമാണ് ആർസിബി നിലനിർത്തിയത്. തകർപ്പന്‍ ഫോമിലുള്ള ലോംറോറിനു വേണ്ടി താരലേലത്തിൽ ടീമുകൾ മത്സരിക്കുമെന്ന് ഉറപ്പാണ്.

ഓള്‍ റൗണ്ടറായും തിളങ്ങാൻ ശേഷിയുള്ള താരത്തിനായി ലേലത്തിൽ റൈറ്റ് ടു മാച്ച് സംവിധാനം ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ആര്‍സിബിക്കു സാധിക്കും. ഐപിഎല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനു വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് മഹിപാൽ. നവംബർ 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഇത്തവണത്തെ ഐപിഎൽ താരലേലം നടക്കേണ്ടത്.

English Summary:

Mahipal Lomror hit triple century in Ranji Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com