ന്യൂസീലൻഡിനോടു തോറ്റപ്പോൾ ഗംഭീർ പേടിച്ചു, കിട്ടിയ അവസരം നോക്കി തിരിച്ചടിക്കുന്നു: വീണ്ടും പോണ്ടിങ്
Mail This Article
പെർത്ത്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരായ വിമർശനങ്ങൾ തുടർന്ന് ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. പേടിച്ചതുകൊണ്ടാണ് ഗംഭീർ തനിക്കെതിരെ തിരിയുന്നതെന്നാണ് പോണ്ടിങ്ങിന്റെ കണ്ടെത്തൽ. വിരാട് കോലിയുടെ ഫോമിനെയും ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ കളിപ്പിക്കുന്നതിനേയും ചോദ്യം ചെയ്തായിരുന്നു പോണ്ടിങ് ആദ്യം രംഗത്തെത്തിയത്.
എന്നാൽ പോണ്ടിങ് ഓസ്ട്രേലിയൻ ടീമിനെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ മതിയെന്നായിരുന്നു ഗംഭീറിന്റെ മറുപടി. പിന്നാലെ വീണ്ടും പ്രകോപനവുമായി പോണ്ടിങ് എത്തുകയായിരുന്നു. ന്യൂസീലൻഡിനെതിരായ തോൽവിക്കു ശേഷം ഗംഭീർ ശരിക്കും പേടിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണു തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിങ് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
‘‘കോലിയുടെ അഞ്ചു വർഷത്തെ ബാറ്റിങ്ങിനെക്കുറിച്ചു ഞാൻ പറഞ്ഞിരുന്നു. അതിനുശേഷം ഓസ്ട്രേലിയയിൽ അദ്ദേഹം നടത്തിയ പ്രകടനത്തേക്കുറിച്ചും പ്രതികരിച്ചിരുന്നു. ഇതു കാണാതെയാണ് ഗംഭീർ വിമർശിക്കുന്നത്. ഗംഭീറിന് തുടക്കം മുതൽ ചില പ്രശ്നങ്ങളുണ്ട്. കിട്ടിയ അവസരം മുതലാക്കി തിരിച്ചടിക്കാനാണ് അദ്ദേഹം നോക്കുന്നത്. ഗൗതം ഗംഭീർ അസ്വസ്ഥതയുണ്ടാക്കുന്ന ഒരാളാണ്.’’– റിക്കി പോണ്ടിങ് തുറന്നടിച്ചു.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ എത്തി പരിശീലനം ആരംഭിച്ചു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ച ആദ്യ സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് ആദ്യ ടെസ്റ്റിൽ നിന്നു വിട്ടുനിൽക്കുമെന്നാണ് വിവരം. ഇതോടെ കെ.എൽ.രാഹുൽ ഓപ്പണറായി എത്തും.