കൂടുതൽ മിണ്ടുന്നില്ല; കഴിഞ്ഞ തവണ കുറേ സംസാരിച്ചു, പിന്നാലെ 2 കളിയിൽ ഡക്ക്: പ്രതികരിച്ച് സഞ്ജു– വിഡിയോ
Mail This Article
ജൊഹാനസ്ബർഗ്∙ സെഞ്ചറി നേട്ടത്തെക്കുറിച്ച് അധികം പ്രതികരിക്കാനില്ലെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. കഴിഞ്ഞ തവണ സെഞ്ചറി നേടിയശേഷം കൂടുതൽ സംസാരിച്ചെന്നും അതിനു പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായെന്നും സഞ്ജു പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാണ്, ഇത്തവണ അധികം സംസാരിക്കുന്നില്ലെന്ന് തമാശയും കാര്യവും ഇടകലർത്തി സഞ്ജു പ്രതികരിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചറി നേടിയ സഞ്ജു, പിന്നീട് തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് നാലാം മത്സരത്തിൽ വീണ്ടും സെഞ്ചറി നേടിയത്.
‘‘അതിവേഗം ശ്വാസമെടുക്കുന്നതിനാൽ സംസാരിക്കുമ്പോൾ അൽപം ബുദ്ധിമുട്ടുണ്ട്. ജീവിതത്തിൽ ഞാൻ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടു സെഞ്ചറികൾ നേടിയതിനു പിന്നാലെ രണ്ടു ഡക്കുകൾ. അപ്പോഴും ഞാൻ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നിൽത്തന്നെ അടിയുറച്ചു വിശ്വസിച്ചു. കഠിനമായി അധ്വാനിച്ചു, അതിന്റെ ഫലമാണ് ഇന്നു ലഭിച്ചത്. ഒന്നു രണ്ടു തവണ തുടർച്ചയായി പരാജയപ്പെട്ടതോടെ എന്റെ ചിന്തയിൽ ഒട്ടേറെ കാര്യങ്ങൾ മിന്നിമറഞ്ഞു. ഇന്നത്തെ ഇന്നിങ്സിന്റെ തുടക്കത്തിൽ അഭിഷേകും (ശർമ) പിന്നീട് തിലകും (വർമ) കാര്യമായിത്തന്നെ സഹായിച്ചു.
‘‘തിലക് വർമയുമായി ഒട്ടേറെ കൂട്ടുകെട്ടുകളിൽ ഞാൻ പങ്കാളിയായിട്ടുണ്ട്. തിലക് തീരെ ചെറുപ്പമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമാണെന്നു നിസംശയം പറയാം. അദ്ദേഹത്തോടൊപ്പം ഇത്തരമൊരു കൂട്ടുകെട്ടു സൃഷ്ടിക്കാനായതിൽ സന്തോഷം. എന്തായാലും ഞാൻ കൂടുതൽ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ (സെഞ്ചറി നേടിയ ശേഷം) കൂടുതൽ സംസാരിച്ചു. പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായി. എനിക്കു ചെയ്യാനാകുന്ന കാര്യങ്ങൾ കണ്ടെത്തി അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുക – അതാണ് ലക്ഷ്യം. ഇത്തരമൊരു സ്കോറാണ് ടീമിന്റെ ക്യാപ്റ്റൻ പ്രതീക്ഷിച്ചത്. ആ ലക്ഷ്യത്തിലേക്ക് എത്തിക്കാനായതിൽ സന്തോഷം’ – സഞ്ജു പറഞ്ഞു.
പ്രതിഭയുടെ കരുത്തുറ്റ ബാറ്റുമായി സഞ്ജുവും (56 പന്തിൽ 109 നോട്ടൗട്ട്) യുവത്വത്തിന്റെ വീര്യവുമായി തിലക് വർമയും (47 പന്തിൽ 120 നോട്ടൗട്ട്) നിറഞ്ഞാടിയപ്പോൾ നാലാം ട്വന്റി20യിൽ ഇന്ത്യ നേടിയത് 135 റൺസിന്റെ ഉജ്വല വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 283 റൺസിന്റെ റെക്കോർഡ് സ്കോറുയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ആതിഥേയർ 148 റൺസിന് ഓൾഔട്ടായി. 4 മത്സര പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. തിലകാണ് പ്ലെയർ ഓഫ് ദ് മാച്ച്.
പരമ്പരയിൽ തുടർച്ചയായ 2 ഡക്കുകൾക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ സഞ്ജു രാജ്യാന്തര ട്വന്റി20യിൽ തന്റെ മൂന്നാം സെഞ്ചറിയാണ് ഇന്നലെ കുറിച്ചത്. 56 പന്തുകൾ മാത്രം നേരിട്ട സഞ്ജുവിന്റെ ബാറ്റിൽനിന്ന് 6 ഫോറും 9 സിക്സും പറന്നു. തുടർച്ചയായ രണ്ടാം ട്വന്റി20 സെഞ്ചറി കുറിച്ച തിലക് വർമ 47 പന്തിൽ 9 ഫോറും 10 സിക്സും ഉൾപ്പെടെയാണ് 120 റൺസ് നേടിയത്.