ADVERTISEMENT

ഇൻഡോർ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് ബാറ്റുകൊണ്ടും ആഘോഷമാക്കിയ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ മികവിൽ, മധ്യപ്രദേശിനെതിരായ ര‍ഞ്ജി മത്സരത്തിൽ ബംഗാളിന് നാടകീയ വിജയം. ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ്, 99.2 ഓവറിൽ 326 റൺസിന് പുറത്തായി. വിജയസാധ്യത ഇരുവശത്തേക്കും മാറിമറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ, കുമാർ കാർത്തികേയ സിങ്ങിനെ പുറത്താക്കി മുഹമ്മദ് ഷമി തന്നെയാണ് ടീമിന് 11 റൺസിന്റെ വിജയം സമ്മാനിച്ചത്. സ്കോർ: ബംഗാൾ - 228, 276, മധ്യപ്രദേശ് – 167, 326.

ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഷമി, രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റും സ്വന്തമാക്കി. ഷമിക്കു പുറമേ നാലു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീം, രണ്ടു വിക്കറ്റെടുത്ത രോഹിത് കുമാർ എന്നിവർ കൂടി ചേർന്നാണ് മധ്യപ്രദേശിനെതിരെ ടീമിന് നേരിയ വിജയം സമ്മാനിച്ചത്.

അതേസമയം, പന്തുകൊണ്ടുള്ള സംഭാവനയേക്കാൾ ബാറ്റുകൊണ്ടുള്ള ഷമിയുടെ സംഭാവനയാണ് മത്സരത്തിൽ ബംഗാളിന് വിജയം സമ്മാനിക്കുന്നതിൽ നിർണായകമായത്. പത്താമനായി ഇറങ്ങി 36 പന്തിൽ 37 റൺസെടുത്താണ് ഷമി ബാറ്റിങ്ങിലും കരുത്തു തെളിയിച്ചത്. ഷമിയുടെ കൂടി ഇന്നിങ്സിന്റെ ബലത്തിലാണ് ബംഗാൾ രണ്ടാം ഇന്നിങ്സിൽ 88.3 ഓവറിൽ 276 റൺസെടുത്തത്. ഒടുവിൽ മധ്യപ്രദേശിനെതിരെ ബംഗാൾ 12 റൺസിന്റെ നേരിയ വിജയം സ്വന്തമാക്കുമ്പോൾ, ഷമിയുടെ ഇന്നിങ്സിന് സുവർണത്തിളക്കം. ഒന്നാം ഇന്നിങ്സിൽ ആറു പന്തിൽ 2 റൺസുമായി പുറത്തായതിന്റെ നിരാശ മറന്നാണ് രണ്ടാം ഇന്നിങ്സിൽ ഷമിയുടെ പ്രകടനം.

രണ്ടാം ഇന്നിങ്സിൽ 219 റൺസെടുക്കുന്നതിനിടെ എട്ടാമനായി വൃദ്ധിമാൻ സാഹ പുറത്തായതോടെയാണ് മുഹമ്മദ് ഷമി ക്രീസിലെത്തുന്നത്.  പിന്നാലെ 18 റൺസ് കൂട്ടുകെട്ട് തീർത്ത് സൂരജ് സിന്ധു ജയ്സ്വാളും പുറത്തായി. ഇതിനു ശേഷമായിരുന്നു ഷമിയുടെ സ്ഫോടനാത്മക ബാറ്റിങ്. പത്താമനായി ക്രീസിലെത്തിയ ഷമി, ഒൻപതാം വിക്കറ്റിൽ സുരാജ് സിന്ധു ജയ്സ്വാളിനൊപ്പം 26 പന്തിൽ കൂട്ടിച്ചേർത്തത് 18 റൺസ്. പിന്നാലെ മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ 41 പന്തിൽ 39 റൺസ് കൂടി കൂട്ടിച്ചേർത്തതോടെയാണ് മധ്യപ്രദേശിനു മുന്നിൽ 338 റൺസ് വിജയലക്ഷ്യം ഉയർന്നത്.

നേരത്തേ, ഒന്നാം ഇന്നിങ്സിൽ മധ്യപ്രദേശിന്റെ നാലു വിക്കറ്റുകൾ പിഴുത് ബോളിങ്ങിലും ഷമി തിളങ്ങിയിരുന്നു. ആകെ 19 ഓവർ ബോൾ ചെയ്ത താരം 4 മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനുശേഷം കാൽക്കുഴയ്ക്കു പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ ഷമിയുടെ തിരിച്ചുവരവിലെ ആദ്യ മത്സരമാണിത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ദേശീയ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പരുക്ക് പൂർണമായും ഭേദമാകാത്തത് തിരിച്ചടിയായി. ശക്തമായി തിരിച്ചെത്തിയതോടെ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയുണ്ട്. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഷമി ടീമിനൊപ്പം ചേരാനാണ് സാധ്യത. ബോർഡർ – ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 22ന് പെർത്തിൽ ആരംഭിക്കും.

English Summary:

Mohammed Shami scores quickfire 36 after 4-wicket haul in Ranji Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com