‘എല്ലായിടത്തും സഞ്ജു, ഐപിഎൽ നേരത്തേ തുടങ്ങിയെന്നു കരുതി; സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാകാറില്ലല്ലോ’: ഗിൽക്രിസ്റ്റ് പറഞ്ഞതെന്ത്?
Mail This Article
ന്യൂഡൽഹി∙ ‘‘ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന വിവരം പോലും ഞാൻ അറിഞ്ഞില്ല. സഞ്ജു സെഞ്ചറി നേടിയ കാര്യം വാർത്തകളിൽ കണ്ടപ്പോൾ, ഐപിഎൽ നേരത്തേ തുടങ്ങിയോ എന്നാണ് ഞാൻ ചിന്തിച്ചത്. സഞ്ജു ഇന്ത്യൻ ടീമിൽ കളിക്കുന്നത് നമ്മൾ അധികം കണ്ടിട്ടില്ലല്ലോ’ – ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിന്റേത് എന്ന പേരിൽ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പ്രസ്താവനയാണ് ഇത്.
ബിസിസിഐയ്‌ക്കെതിരെ ഗിൽക്രിസ്റ്റിന്റെ വിമർശനം എന്നൊക്കെ വ്യാഖ്യാനിച്ചാണ്, ഈ പ്രസ്താവനയുടെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ പ്രസ്താവന ഭാഗികമായി ശരിയാണെങ്കിലും, ഇത് പൂർണമായും ഗിൽക്രിസ്റ്റ് പറഞ്ഞ രീതിയിലല്ല പ്രചരിക്കുന്നത് എന്നതാണ് വാസ്തവം. ‘ക്ലബ് പ്രയറി ഫയർ’ എന്ന യുട്യൂബ് ചാനലിൽ ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചർച്ചയുടെ ഭാഗമായാണ് ഗിൽക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമ്പോഴാണ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും ചർച്ചാവിഷയമായത്. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് പരിശീലനത്തിനുള്ള അവസരമാണോ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയെന്നായിരുന്നു ചർച്ചയുടെ ഉള്ളടക്കം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ട്വന്റി20 പരമ്പര കളിക്കുന്ന കാര്യം അറിഞ്ഞുപോലുമില്ലെന്നായിരുന്നു മൈക്കൽ വോണിന്റെ പ്രതികരണം. ഇതിനു പിന്നാലെ, ഈ പരമ്പരയേക്കുറിച്ച് അറിഞ്ഞിരുന്നോ എന്ന് ഗിൽക്രിസ്റ്റിനു മുന്നിലും ചോദ്യമുയർന്നു.
‘‘ഇങ്ങനെയൊരു പരമ്പരയുടെ കാര്യം ഞാനും അറിഞ്ഞില്ല. പക്ഷേ, സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചില തലക്കെട്ടുകൾ ശ്രദ്ധിച്ചിരുന്നു. എവിടെ നോക്കിയാലും സഞ്ജു സാംസൺ നിറഞ്ഞുനിൽക്കുന്നു. ഇത്തവണ ഐപിഎൽ നേരത്തേ തുടങ്ങിയോ എന്നായിരുന്നു എന്റെ സംശയം. എന്തായാലും ദക്ഷിണാഫ്രിക്കൻ പര്യടനം ബോർഡർ – ഗാവസ്കർ ട്രോഫിക്കുള്ള തയാറെടുപ്പാണെന്ന് തോന്നുന്നില്ല. അവിടെ ട്വന്റി20 പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ടെസ്റ്റ് ടീമിൽ അംഗങ്ങളല്ല. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ളവർ പെർത്തിൽ എത്തിക്കഴിഞ്ഞു. അവർ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ്.’ – ഇതായിരുന്നു ഗിൽക്രിസ്റ്റിന്റെ മറുപടി.