ADVERTISEMENT

തുടർച്ചയായി തിരിച്ചടികൾ ഏറ്റുവാങ്ങുന്ന നായക കഥാപാത്രം അന്തിമ പോരാട്ടത്തിൽ തകർപ്പൻ ആക്‌ഷനുമായി എതിരാളിയെ നിഷ്പ്രഭമാക്കുന്ന സിനിമകളില്ലേ? അത്തരമൊരു സിനിമ പോലെ ആവേശകരമാണ് രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോൾ സഞ്ജു സാംസന്റെ പ്രകടനം. ഗംഭീരമായ ‘ഇൻട്രോ’ സീനിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ വരവറിയിച്ചെങ്കിലും അവഗണനയുടെ ആദ്യ പകുതിയിലും തിരിച്ചടികളുടെ രണ്ടാം പകുതിയിലുമായി കൂടുതൽ സമയവും ദേശീയ ടീമിനു പുറത്തായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഒടുവിൽ കഴിഞ്ഞ 5 ട്വന്റി20 മത്സരങ്ങൾക്കിടയിൽ നേടിയ 3 സെഞ്ചറികളുടെ കനവും തിളക്കവുമുള്ള ബാറ്റുയർത്തി സഞ്ജു ചോദിക്കുന്നു, ‘ഇനിയുമെന്താണ് ഞാൻ തെളിയിക്കേണ്ടത്?’

സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോൾ വീരേന്ദർ സേവാഗിനെയാണ് ഓ‍ർമ വരുന്നതെന്നു ഷോൺ പൊള്ളോക്ക്. സഞ്ജു ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ സ്ഥിരാംഗമല്ലെന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് മാർക്ക് ബൗച്ചർ. ഇന്ത്യൻ ട്വന്റി20 ടീമിലെ ക്രിസ് ഗെയ്‌ലാണ് സഞ്ജുവെന്ന് രവി ശാസ്ത്രി. സഞ്ജുവിനെ ലോകം പ്രശംസകൊണ്ടു മൂടുമ്പോൾ ആനന്ദത്തിലാണ് മലയാളികൾ ഉൾപ്പെടെ ഇന്ത്യ മുഴുവനുമുള്ള ആരാധകർ. തനിക്കായി എന്നും ആർപ്പുവിളിക്കുന്ന ആരാധകർക്കു സഞ്ജു നൽകിയ സമ്മാനമായിരുന്നു ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ 2 മധുര മനോഹര സെഞ്ചറികൾ.

sanju-tilak-varma
സഞ്ജു സാംസണും തിലക് വർമയും ബാറ്റിങ്ങിനിടെ. Photo: X@BCCI

ക്രീസിൽ നൃത്തം ചവിട്ടി ബോളർമാരുടെ ലെങ്ത് തെറ്റിക്കുന്നതും അതിവേഗ ബൗൺസറുകളെ ബാക്ക്ഫൂട്ടിൽ കോരിയെടുത്ത് ഓഫ് സൈഡിലെ ഗാലറിയിലെത്തിക്കുന്നതും സഞ്ജു ആരാധകർക്കു പുതുമയുള്ള കാഴ്ചയായിരുന്നില്ല. എങ്കിലും പേസിനെയും സ്പിന്നിനെയും കൂസാതെയുള്ള സഞ്ജുവിന്റെ അനായാസ ബാറ്റിങ് ശൈലിക്ക് ഏറ്റവുമധികം കയ്യടികൾ ലഭിച്ച രാജ്യാന്തര പരമ്പരയാണിത്. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ബാറ്റർമാർക്കു വെല്ലുവിളിയാകാറുള്ള ഷോർട് ബോളുകളിൽ 233 ആണ് ഈ പരമ്പരയിൽ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. സ്പിന്നർമാരെയും വെറുതെ വിട്ടില്ല; സ്ട്രൈക്ക് റേറ്റ് 211.4. 

സഞ്ജു വർഷം

ട്വന്റി20 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം 26 രാജ്യാന്തര മത്സരങ്ങളാണ് ഈ വർഷം കളിച്ചത്. ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും ബെഞ്ചിലിരിക്കേണ്ടിവന്ന സ‍ഞ്ജു ഈ വർഷം ബാറ്റു ചെയ്തത് വെറും 12 ഇന്നിങ്സുകളിലും. എന്നിട്ടും 436 റൺസുമായി 2024ലെ ഇന്ത്യയുടെ ട്വന്റി20 ടോപ് സ്കോററായത് സഞ്ജുവാണ്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ടീമംഗങ്ങൾ ഈ വർഷം ആകെ നേടിയത് 7 സെഞ്ചറികളാണെങ്കിൽ അതിൽ മൂന്നെണ്ണം സഞ്ജുവിന്റേതാണ്. 2015ൽ‌ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച താരത്തിന് ഇന്ത്യ ഏറ്റവുമധികം അവസരങ്ങൾ നൽകിയ വർഷമാണിത്. 33 ഇന്നിങ്സുകളിൽ നിന്നായി കരിയറിൽ ആകെ 810 റൺസ് നേടിയിട്ടുള്ള സഞ്ജു അതിൽ പകുതിയിലേറെയും സ്വന്തമാക്കിയത് ഈ വർഷമാണ്. വിദേശ മണ്ണിലെ 2 സെഞ്ചറികൾ ഉൾപ്പെടെ ട്വന്റി20യിൽ 3 സെഞ്ചറികൾ കുറിച്ച സഞ്ജു ഈ നേട്ടത്തിൽ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്തെത്തി. മുൻപിലുള്ളത് 151 ഇന്നിങ്സുകളിൽ നിന്ന് 5 സെഞ്ചറി നേടിയ രോഹിത് ശർമയും 74 ഇന്നിങ്സുകളിൽ നിന്ന് 4 സെഞ്ചറികൾ കുറിച്ച സൂര്യകുമാർ യാദവും.

സഞ്ജുവിന്റെ സീറ്റ്

2015ൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലൂടെയായിരുന്നു സഞ്ജുവിന്റെ ട്വന്റി20 കരിയറിനു തുടക്കം. ഓപ്പണിങ്ങിൽ മുതൽ ഏഴാം നമ്പറിൽവരെ ട്വന്റി20യിൽ  സഞ്ജുവിനെ ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുൻപ് 8 ഇന്നിങ്സുകളിൽ മാത്രമാണ് ഓപ്പണറായി അവസരം കിട്ടിയത്. ഈ പരമ്പരയിലെ 4 മത്സരങ്ങളിലും ഓപ്പണിങ് ദൗത്യം ഏൽപിച്ച ടീം മാനേജ്മെന്റിന്റെ തീരുമാനം സഞ്ജു ശരിവച്ചതു 2 സെഞ്ചറികൾ ഉൾപ്പെടെ നേടിയ 216 റൺസുമായാണ്.

Sanju-article
Sanju-article-3
Sanju-article-2
English Summary:

Sanju Samson's massive performance for team India in T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com