ജയ്സ്വാളും ഗില്ലും തിരിച്ചെത്തുമ്പോൾ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം ഉറപ്പില്ല?; സൂചനയുമായി സൂര്യകുമാർ
Mail This Article
മുംബൈ∙ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും തിരിച്ചെത്തുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് ഓപ്പണർ സ്ഥാനം നൽകുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ സെഞ്ചറി നേടിയ സഞ്ജു ഇന്ത്യൻ ടീമിന്റെ പരമ്പര നേട്ടത്തിൽ നിര്‍ണായക പങ്കു വഹിച്ചിരുന്നു. പരമ്പര 3–1ന് സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് സൂര്യകുമാര്‍ യാദവ് മനസ്സുതുറന്നത്.
‘‘ഇക്കഴിഞ്ഞ ലോകകപ്പിനു മുൻപും ഞങ്ങള്‍ കുറച്ചു ട്വന്റി20 പരമ്പരകൾ കളിച്ചിരുന്നു. ഏതു തരത്തിലുള്ള ക്രിക്കറ്റാണു വേണ്ടതെന്നാണു ഞങ്ങൾ ചർച്ച ചെയ്തത്. ഞങ്ങൾ പല ഫ്രാഞ്ചൈസികൾക്കു വേണ്ടി ഐപിഎല്ലിൽ കളിക്കുന്നവരാണ്, പക്ഷേ ദേശീയ ടീമിനായി ഒരുമിച്ചു ചേരുമ്പോൾ അതേ പ്രകടനം ഇവിടെയും നടത്താന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്.’’– സൂര്യകുമാർ യാദവ് പറഞ്ഞു. ഒരുപാടു നാളുകൾക്കു ശേഷമുള്ള കാര്യത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നായിരുന്നു സഞ്ജുവിന്റെ ഭാവിയെപ്പറ്റി ചോദ്യമുയർന്നപ്പോൾ സൂര്യയുടെ മറുപടി.
‘‘അത്ര ദൂരെയ്ക്കൊന്നും ഞാൻ ചിന്തിച്ചുപോകുന്നില്ല. ഈ പരമ്പര വിജയം ആസ്വദിക്കുകയാണ് ഞാൻ. പരിശീലകർക്കൊപ്പം ഇരുന്നു പിന്നീട് ചർച്ചകൾ നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ സുഖമുള്ളൊരു തലവേദനയായിമാറും. ഒരു തിരഞ്ഞെടുക്കൽ എന്നതു ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. 20–25 പേർ ലഭ്യമായുള്ളപ്പോൾ അതില്‍നിന്ന് 10–15 പേരെ എടുത്തു ടീം ഉണ്ടാക്കുകയെന്നതു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബിസിസിഐയും സിലക്ടർമാരും തലവേദനയ്ക്കു പരിഹാരം കാണുമെന്നാണു കരുതുന്നത്.’’– സൂര്യകുമാർ യാദവ് പ്രതികരിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. അടുത്ത വർഷം ജനുവരി അവസാനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പരയുണ്ട്. ടെസ്റ്റ് പരമ്പര കളിക്കാനായി ഓസ്ട്രേലിയയ്ക്കു പോയ ഇന്ത്യൻ ടീമിനൊപ്പമാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ഇപ്പോഴുള്ളത്. ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം ഇരുവരും ട്വന്റി20 ടീമിനൊപ്പം ചേരുമെന്നാണു കരുതുന്നത്.