ADVERTISEMENT

ദുബായ്∙ ഇന്ത്യയില്ലാതെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന് പാക്കിസ്ഥാനെ പറഞ്ഞ് ‘കൺവിൻസ്’ ചെയ്യിക്കാൻ ഉറപ്പിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ടൂർണമെന്റ് നടക്കണമെങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പുറത്തുനടത്തുന്ന ‘ഹൈബ്രിഡ് മോ‍ഡൽ’ അംഗീകരിക്കണമെന്നാണ് ഐസിസിയുടെ നിലപാട്. എന്തുകൊണ്ട് ഇന്ത്യയില്ലാതെ ചാംപ്യൻസ് ട്രോഫി നടത്താൻ സാധിക്കില്ലെന്ന കാര്യവും ഐസിസി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെ ബോധ്യപ്പെടുത്തും. സർക്കാർ സമ്മർദത്തെ തുടർന്ന് ടൂര്‍ണമെന്റിലെ എല്ലാ കളികളും പാക്കിസ്ഥാനിൽ തന്നെ നടത്തണമെന്ന കടുംപിടിത്തത്തിലാണ് പാക്ക് ക്രിക്കറ്റ് ബോർഡ്.

അതേസമയം സുരക്ഷാ ആശങ്കകളുള്ളതിനാല്‍ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്കു വിടാൻ സാധിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. എല്ലാ കളികളും പാക്കിസ്ഥാനിൽ നടക്കില്ലെങ്കിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽനിന്നു പിൻമാറാൻ പാക്ക് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ട്. നേരത്തേ പാക്കിസ്ഥാനിൽ നടന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് കളിച്ചത്. ഇതേ രീതി തന്നെ ചാംപ്യൻസ് ട്രോഫിയിലും നടപ്പാക്കാനാണ് ഐസിസിക്ക് താൽപര്യം.

എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ അന്തിമ ഷെഡ്യൂൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമ്മതിച്ചാൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിലേക്കു മാറ്റും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചാംപ്യൻസ് ട്രോഫിയുടെ മത്സരക്രമം പുറത്തുവിടും. അടുത്ത വർഷം ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് തുടങ്ങേണ്ടത്.

ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലേക്കു വരാൻ എതിര്‍പ്പുണ്ടെന്ന് ഐസിസി പിസിബിയെ അറിയിച്ചിട്ടില്ലെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രതികരിച്ചു. ‘‘ഇന്ത്യയ്ക്ക് ടീമിനെ അയക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ ഞങ്ങളോടു സംസാരിക്കട്ടെ. ഞങ്ങൾ ഇന്ത്യയെ പുറത്താക്കിക്കോളാം. ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിലേക്കു വരാതിരിക്കാൻ ഇന്ത്യയ്ക്കു പ്രത്യേകിച്ചു കാരണമൊന്നുമില്ല.’’– മൊഹ്സിൻ നഖ്‍വി ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

English Summary:

Top ICC officials look to convince PCB over hybrid model for Champions Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com