പ്രതിഫലത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസമെന്ന് ഗാവസ്കർ; ടീം വിട്ടത് പണത്തിനു വേണ്ടിയല്ലെന്ന് പന്തിന്റെ മറുപടി
Mail This Article
മുംബൈ∙ പ്രതിഫലത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ല ഡല്‍ഹി ക്യാപിറ്റല്‍സ് ടീം വിട്ടതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. നിലനിർത്തുന്നതിനുള്ള തുകയെച്ചൊല്ലിയാണ് താരം ഫ്രാഞ്ചൈസി വിട്ടതെന്ന് സുനിൽ ഗാവസ്കർ പ്രതികരിച്ചതിനു പിന്നാലെയാണ് ഋഷഭ് പന്ത് നിലപാടു വ്യക്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായിരുന്ന ഋഷഭ് പന്ത് അടുത്ത ആഴ്ച നടക്കുന്ന മെഗാലേലത്തിൽ പങ്കെടുക്കുന്നുണ്ട്. പന്തിനെ നിലനിർത്തേണ്ടതില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് തീരുമാനിക്കുകയായിരുന്നു.
ഒരു സ്പോർട്സ് മാധ്യമത്തിൽ സംസാരിക്കവെയാണ് ഋഷഭ് പന്തിന്റെ കാര്യത്തില്‍ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പ്രതികരിച്ചത്. ‘‘ഡൽഹിക്ക് പന്തിനെ ഉറപ്പായും അവരുടെ ടീമിലേക്ക് ആവശ്യമുണ്ടാകും. ചിലരെ നിലനിർത്തുമ്പോൾ താരവും ഫ്രാഞ്ചൈസിയും തമ്മിൽ ചർച്ച നടത്തും. ആദ്യം നിലനിർത്തിയവരെക്കാൾ കൂടുതൽ തുക മറ്റു ചില താരങ്ങൾക്കു ലഭിച്ചേക്കാം. അഭിപ്രായ വ്യത്യാസങ്ങളും ഇക്കാര്യത്തിൽ ഉണ്ടാകും.’’
‘‘ഋഷഭ് പന്ത് ഡൽഹിയില്‍ കളിച്ചില്ലെങ്കിൽ അവർക്കു പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും. അതുകൊണ്ടു തന്നെ പന്തിനെ തിരികെ വേണമെന്ന് ഉറപ്പായും അവർ ആഗ്രഹിക്കുന്നുണ്ടാകും.’’– സുനിൽ ഗാവസ്കർ വ്യക്തമാക്കി. ഗാവസ്കറുടെ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലാണ് ഋഷഭ് പന്ത് തന്റെ നിലപാടു പറഞ്ഞത്.
‘‘എന്റെ നിലനിർത്തലിലെ തീരുമാനം പണത്തെച്ചൊല്ലിയുള്ളതല്ല. അതെനിക്കു പറയാൻ സാധിക്കും.’’– എന്നായിരുന്നു ഋഷഭ് പന്തിന്റെ മറുപടി. താരലേലത്തിൽ ഋഷഭ് പന്തിനു വേണ്ടി ശക്തമായ പോരാട്ടം തന്നെ ഫ്രാഞ്ചൈസികൾ നടത്തുമെന്നാണു പ്രതീക്ഷ. ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ ഋഷഭ് പന്തിനെ സ്വന്തമാക്കാൻ മത്സരിച്ചേക്കും.