കേരളത്തെ നയിക്കാൻ സഞ്ജു സാംസണ് വരുന്നു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ക്യാപ്റ്റനാകും
Mail This Article
തിരുവനന്തപുരം∙ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു സാംസണാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ചറികൾ നേടിയ സഞ്ജുവിന്റെ വരവ് ടീമിനു കരുത്താകും. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയ പ്രമുഖ താരങ്ങളും കേരള ടീമിലുണ്ട്.
കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൽ ബാസിത്ത്, ഷറഫുദീൻ എന്നിവരും ടീമിലുണ്ട്. ഗ്രൂപ്പ് ഇയിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവീസസ്, നാഗാലാന്‍ഡ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളമുള്ളത്. മുംബൈയ്ക്കു വേണ്ടി സൂര്യകുമാർ യാദവ് കളിക്കാൻ ഇറങ്ങിയാൽ സുഹൃത്തുക്കൾ കൂടിയായ സഞ്ജുവും സൂര്യകുമാറും നേർക്കുനേരെത്തുന്ന പോരാട്ടം കൂടി ആരാധകർക്ക് ആസ്വദിക്കാം. നവംബർ 23ന് സർവീസസിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൽ ബാസിത്ത്, അഖിൽ സ്കറിയ, അജ്നാസ്.എം, സിജോമോൻ ജോസഫ്,എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ, ബേസിൽ എൻ.പി, ഷറഫുദ്ദീൻ എൻ.എം, നിധീഷ് എം.ഡി. റിസർവ് താരങ്ങളായി സി.കെ. നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ഷോൺ റോജർ, അഭിഷേക് ജെ. നായർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.