കുഞ്ഞ് ജനിച്ചതിന് ആശംസകൾ, ഇനി ഓസ്ട്രേലിയയിലേക്ക് പോകൂ: രോഹിത്തിനെതിരെ മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരെ നിർണായകമായ ടെസ്റ്റ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം നിൽക്കാത്ത ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ മുൻ ഇന്ത്യൻ താരം സുരീന്ദർ ഖന്ന. രോഹിത് ശർമയ്ക്കു കുഞ്ഞ് ജനിച്ചതിനാൽ ഇനി ഓസ്ട്രേലിയയിലേക്കു പോയി ടീമിനൊപ്പം ചേരണമെന്നാണ് സുരീന്ദർ ഖന്നയുടെ ഉപദേശം. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കളിക്കാൻ സാധ്യതയില്ലെന്ന് രോഹിത് ശർമ ബിസിസിഐയെ അറിയിച്ചിരുന്നു. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയായിരിക്കും ആദ്യ മത്സരത്തിൽ ടീം ഇന്ത്യയെ നയിക്കുക.
‘‘കുഞ്ഞുണ്ടായതിൽ ഞാൻ രോഹിത് ശർമയ്ക്കും കുടുംബത്തിനും ആശംസകൾ അറിയിക്കുകയാണ്. ഇപ്പോൾ അദ്ദേഹത്തിന് ഒരു മകനും മകളുമായി, കുടുംബം പൂർണമായി. ഇനി പോയി ടെസ്റ്റ് കളിക്കുക. എന്റെ വിവാഹ റിസപ്ഷന്റെ സമയത്ത് ഇന്ത്യൻ ടീമിനു വേണ്ടി കളിക്കാൻ ഞാൻ പോയിട്ടുണ്ട്. പുലർച്ചെ നാലു മണിക്ക് എഴുന്നേറ്റ് ഞാൻ വിമാനത്താവളത്തിലേക്കുപോയിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനു വേണ്ടിയായിരുന്നു അത്. ഇത്തരം പ്രതിബദ്ധത കൂടിയാണ് താരങ്ങളെ നിർവചിക്കുന്നത്.’’– സുരീന്ദർ ഖന്ന ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
ന്യൂസീലൻഡിനെതിരെ 3–0ന്റെ തോൽവി വഴങ്ങിയ ശേഷമാണ് ഇന്ത്യൻ ടെസ്റ്റ് ടീം ബോർഡർ– ഗാവസ്കർ ട്രോഫി കളിക്കാൻ ഓസ്ട്രേലിയയിലേക്കു പോയത്. ആത്മവിശ്വാസം വീണ്ടെടുത്ത് ആദ്യ മത്സരം മുതൽ ജയിച്ചുകയറാനാണ് ടീം ഇന്ത്യയുടെ ശ്രമം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്താനും ഇനിയുള്ള മത്സരങ്ങളിൽ വിജയം ആവശ്യമാണ്.
രോഹിത് ശർമ കളിച്ചില്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലോ, ശുഭ്മൻ ഗില്ലോ ഓപ്പണറാകാനാണു സാധ്യത. കർണാടകയ്ക്കു വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കൽ വൺഡൗണായി ഇറങ്ങും. രണ്ടാം ടെസ്റ്റിനു മുൻപ് രോഹിത് ശര്‍മ ടീമിനൊപ്പം ചേരും. പേസർ മുഹമ്മദ് ഷമിയും രോഹിത്തിനൊപ്പം ഓസ്ട്രേലിയയിലേക്കു പോകും.