ഓസീസിന്റെ പേടിസ്വപ്നം പന്തുണ്ട്; പ്രതിരോധത്തിന് പൂജാരയില്ല, പകരക്കാരൻ ഗില്ലിനു പരുക്ക്, മലയാളി താരം ‘വൺഡൗൺ’ ഇറങ്ങും?
Mail This Article
പെർത്ത് ∙ ഓസ്ട്രേലിയയിലെ ടെസ്റ്റ് മത്സരമെന്നു കേൾക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന 2 പേരുകൾ ചേതേശ്വർ പൂജാരയുടെയും ഋഷഭ് പന്തിന്റെയുമാണ്. 4 വർഷം മുൻപ് ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യൻ ടീം ചരിത്രമെഴുതിയപ്പോൾ ആ കുതിപ്പിന് നങ്കൂരമിട്ടത് പന്തിന്റെയും പൂജാരയുടെയും ഉജ്വല ഇന്നിങ്സുകളായിരുന്നു. ബാറ്റിങ്ങിലെ വൻമതിലായ പൂജാര ഇത്തവണ ഇന്ത്യയ്ക്കൊപ്പമില്ലെന്നതാണ് ഓസീസിന് ആശ്വാസമെങ്കിൽ അവരുടെ പേടി സ്വപ്നമായ ഋഷഭ് പന്ത് കൂടുതൽ കരുത്തോടെ ടീമിലുണ്ടെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷയാണ്.
പന്തിന്റെ പിച്ച്
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഏറ്റവും പ്രിയപ്പെട്ട കളിത്തട്ടാണ് ഓസ്ട്രേലിയ. 2 പരമ്പരകളിലെ 7 ടെസ്റ്റുകളിലായി ഇതുവരെ 12 ടെസ്റ്റ് ഇന്നിങ്സുകൾ മാത്രമേ പന്ത് ഓസ്ട്രേലിയയിൽ കളിച്ചിട്ടുള്ളൂ. പക്ഷേ ഒരു സെഞ്ചറിയും 2 അർധ സെഞ്ചറിയുമടക്കം 624 റൺസ് നേടിയ പന്തിന്റെ ബാറ്റിങ് ശരാശരി 62.40. ഓസ്ട്രേലിയയിൽ കുറഞ്ഞത് 10 ഇന്നിങ്സുകളെങ്കിലും കളിച്ചിട്ടുള്ള ഇന്ത്യൻ ബാറ്റർമാരിലെ മികച്ച ശരാശരി. 2021 ജനുവരിയിൽ ഗാബയിൽ നടന്ന നാലാം ടെസ്റ്റിലെ അവിസ്മരണീയ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ 89 റൺസുമായി പുറത്താകാതെനിന്ന പന്തായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്.
പുതിയ പൂജാര
ഓസീസിന്റെ പേസിനു മുന്നിൽ ഇന്ത്യൻ പ്രതിരോധത്തിന്റെ കോട്ട കെട്ടിയിരുന്ന ചേതേശ്വർ പൂജാരയില്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരത്തിനെത്തുന്നത് 10 വർഷങ്ങൾക്കുശേഷമാണ്. ഓസ്ട്രേലിയൻ മണ്ണിൽ 11 ഇന്നിങ്സുകളിൽ 3 സെഞ്ചറിയും 5 അർധസെഞ്ചറിയുമടക്കം 993 റൺസ് നേടിയ പൂജാര 2020–21ലെ പരമ്പരയിൽ 4 മത്സരങ്ങളിൽനിന്നു നേടിയത് 279 റൺസ്. മൂന്നാം നമ്പർ ബാറ്റിങ് പൊസിഷനിൽ പൂജാരയുടെ പിൻഗാമിയായെത്തിയ ശുഭ്മൻ ഗില്ലിനും പരുക്കേറ്റതോടെ പെർത്തിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ആശങ്ക മുഴുവൻ ഈ പൊസിഷനിലെ ബാറ്റിങ്ങിനെക്കുറിച്ചാണ്.
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലെ 4 പരമ്പരകളിലായി 928 പന്തുകളാണ് ചേതേശ്വർ പൂജാര നേരിട്ടത്. 29 സ്ട്രൈക്ക് റേറ്റുമായി ക്രീസിൽ പിടിച്ചുനിന്ന താരം പേസ് ആക്രമണത്തിന്റെ മുനയൊടിച്ചു. 2018–19ലെ പരമ്പരയിൽ ഇന്നിങ്സിൽ ശരാശരി 180 പന്തുകൾ നേരിട്ട ശേഷമായിരുന്നു പൂജാരയുടെ പുറത്താകൽ. 2020–21 പരമ്പരയിൽ 116 ആയിരുന്നു ശരാശരി പൂജാര നേരിട്ട ശരാശരി പന്തുകൾ. എന്നാൽ കഴിഞ്ഞ 2 വർഷത്തിനിടെ ടെസ്റ്റ് ഇന്നിങ്സിൽ ശരാശരി 100 പന്തുകൾ പിടിച്ചുനിന്ന ഒരു ബാറ്ററും ഇന്ത്യൻ ടീമിലില്ല. ശരാശരി 80.2 പന്തുകൾ നേരിട്ട യശസ്വി ജയ്സ്വാളാണ് ഈ കണക്കിൽ മുന്നിലുള്ള ഇന്ത്യൻ താരം. ഗില്ലിന് പരുക്കേറ്റതോടെ കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ പെർത്തിൽ വൺഡൗണായി ഇറങ്ങാനാണ് കൂടുതൽ സാധ്യത.