പ്രതീക്ഷയായ രാഹുലിനെ അംപയർ ചതിച്ചു? ബാറ്റ് പാഡിലും തട്ടി, ഡിആര്‍എസ് ഔട്ടിൽ വൻ വിവാദം- വിഡിയോ
Mail This Article
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരം കെ.എൽ. രാഹുൽ പുറത്തായതിനെച്ചൊല്ലി വിവാദം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ച നേരിട്ടപ്പോൾ, പ്രതീക്ഷയായത് കെ.എൽ. രാഹുലിന്റെ ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്ങായിരുന്നു. എന്നാൽ ദൗർഭാഗ്യകരമായി പുറത്താകാനായിരുന്നു താരത്തിന്റെ വിധി. 74 പന്തുകൾ നേരിട്ട രാഹുൽ 26 റൺസെടുത്താണു മടങ്ങിയത്. മൂന്നു ബൗണ്ടറികൾ നേടി നിലയുറപ്പിച്ച ശേഷം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി ക്യാച്ചെടുത്തു രാഹുലിനെ പുറത്താക്കി.
23–ാം ഓവറിലെ രാഹുലിന്റെ ഔട്ടിൽ അംപയറുടെ തീരുമാനത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഓസീസ് താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും ഓൺ ഫീൽഡ് അംപയർ ഔട്ട് നൽകിയിരുന്നില്ല. തുടർന്ന് ഓസീസ് ഡിആർഎസിനു പോയി. റീപ്ലേകളിൽ പന്ത് ബാറ്റിൽ ചെറുതായി ഉരസുന്നുണ്ടെന്നു വിലയിരുത്തിയ തേർഡ് അംപയർ ഔട്ട് നൽകുകയായിരുന്നു.
ബാറ്റും പന്തും അടുത്തു വരുമ്പോൾ, രാഹുലിന്റെ പാഡിലും ബാറ്റ് തട്ടുന്നുണ്ടെന്നു വ്യക്തമാണ്. അതിൽ ഏതു ശബ്ദമായിരിക്കാം മീറ്ററിൽ രേഖപ്പെടുത്തിയതെന്ന കാര്യം ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു.സംശയത്തിന്റെ ആനുകൂല്യം ബാറ്റർക്കു നൽകേണ്ടതായിരുന്നെന്നും ധൃതി പിടിച്ച് അംപയർ ഔട്ട് നൽകുകയായിരുന്നു എന്നുമാണ് ആരാധകരുടെ വിമർശനം.
ഔട്ടായതിലുള്ള നിരാശയും രോഷവും ഗ്രൗണ്ടിൽവച്ചു പ്രകടിപ്പിച്ച ശേഷമാണു രാഹുൽ മടങ്ങിയത്. ഗ്രൗണ്ടിലുണ്ടായിരുന്ന അംപയറെയും രാഹുൽ അതൃപ്തി അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദ്യ ദിവസം 47 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാള്‍ (പൂജ്യം), ദേവ്ദത്ത് പടിക്കൽ (പൂജ്യം), വിരാട് കോലി (12 പന്തില്‍ അഞ്ച്), കെ.എൽ. രാഹുൽ എന്നിവരാണ് ആദ്യ ദിനം ലഞ്ചിനു മുൻപേ പുറത്തായ ഇന്ത്യൻ ബാറ്റർമാർ.