സഞ്ജുവിനെ ഓപ്പണറാക്കാൻ പറഞ്ഞതാണ്, പക്ഷേ അവർ കേട്ടില്ല, അതിന് അനുഭവിച്ചു: പിന്തുണച്ച് റായുഡു
Mail This Article
മുംബൈ∙ ഓപ്പണറായി കളിക്കാനുള്ള സഞ്ജു സാംസണിന്റെ മിടുക്ക് നന്നായി അറിയാമെന്ന് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെ ഓപ്പണറാക്കണമെന്നു താൻ മുൻപ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റായുഡു പ്രതികരിച്ചു. ഇന്ത്യൻ ട്വന്റി20 ടീമിൽ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലു മത്സരങ്ങളിൽ രണ്ടു സെഞ്ചറികൾ സ്വന്തമാക്കിയിരുന്നു.
‘‘ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ് ബാറ്ററായി യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു സാംസൺ ഇറങ്ങണമെന്നു ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. ഓപ്പണറുടെ റോളിൽ ഇന്നിങ്സ് നന്നായി മുന്നോട്ടുകൊണ്ടുപോകാൻ സഞ്ജുവിനു സാധിക്കും. വേണമെങ്കിൽ 20 ഓവറും പതറാകെ ബാറ്റു ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. പ്ലേ ഓഫിൽ കടക്കുന്നതിന് സഞ്ജുവിന്റെ ആ കഴിവ് നിർണായകമാകുമായിരുന്നു. എന്നാൽ ആ സീസണിലെ മത്സരങ്ങളിൽ ടോം കോഹ്‌ലർ കാഡ്മോറിനെയാണ് രാജസ്ഥാൻ ഓപ്പണറാക്കിയത്.’’– റായുഡു ഒരു ചർച്ചയിൽ പ്രതികരിച്ചു.
‘‘അങ്ങനെയൊരു തീരുമാനം രാജസ്ഥാന്റെ സീസൺ തന്നെ ഇല്ലാതാക്കി. ഒരുപാട് ചിന്തിക്കുന്നതു മൂലമാണ് രാജസ്ഥാൻ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. മൂന്നാം നമ്പരിൽ ഇറങ്ങിയാലും സഞ്ജു നന്നായി കളിക്കുന്നുണ്ട്.’’– റായുഡു വ്യക്തമാക്കി. രാജസ്ഥാൻ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നതിനു മുൻപ് അജിൻക്യ രഹാനെയ്ക്കൊപ്പം ടീമിന്റെ ഓപ്പണറായി സഞ്ജു തിളങ്ങിയിട്ടുണ്ട്. അടുത്ത സീസണിൽ യശസ്വി ജയ്സ്വാളും സഞ്ജുവുമായിരിക്കും രാജസ്ഥാന്റെ ഓപ്പണർമാർ.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലറെ രാജസ്ഥാൻ അടുത്ത സീസണിലേക്കു ടീമിൽ നിലനിർത്തിയിരുന്നില്ല. ബട്‍ലർക്കു പരുക്കേൽക്കാനുള്ള സാധ്യത പരിഗണിച്ചായിരുന്നു രാജസ്ഥാന്റെ തീരുമാനം. ബട്‍ലറെ ടീം ലേലത്തിൽ വാങ്ങാനുള്ള സാധ്യതയും കുറവാണ്. പുതിയ ഓപ്പണറെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ക്യാപ്റ്റൻ സഞ്ജു തന്നെ ടീമിലെ ഓപ്പണർ സ്ഥാനവും ഏറ്റെടുത്തേക്കും.