പടിക്കലിനെ ‘ചോദിച്ചുവാങ്ങി’ ആർസിബി, 2 കോടി രൂപയ്ക്ക് ടീമിൽ; അർജുൻ തെൻഡുൽക്കറിനെ മുംബൈയും കൈവിട്ടു, അൺസോൾഡ്
Mail This Article
ജിദ്ദ∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ പുരോഗമിക്കുമ്പോൾ, വൻ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസ് ബോളർമാർ. നാളുകളായി ഇന്ത്യൻ ടീമിനു പുറത്തുള്ള ഭുവനേശ്വർ കുമാർ, ദീപക് ചാഹർ തുടങ്ങിയവർക്കെല്ലാം താരലേലത്തിൽ വൻ തുക ലഭിച്ചു. ഭുവനേശ്വർ കുമാറിനെ 10.75 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കി. ദീപക് ചാഹർ 9.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയങ്ങളായ മുകേഷ് കുമാർ, ആകാശ്ദീപ് സിങ് എന്നിവർക്ക് എട്ടു കോടി രൂപ വീതം ലഭിച്ചു. മുകേഷിനെ ഡൽഹിയും ആകാശ്ദീപിനെ ലക്നൗവും ടീമിലെത്തിച്ചു. ചെന്നൈയ്ക്ക് കളിച്ചിരുന്ന തുഷാർ ദേശ്പാണ്ഡെയെ 6.50 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
അടുത്തിടെ സമാപിച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മാർക്കോ യാൻസനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് വാങ്ങി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെടുത്തു. ഐപിഎലിൽ മികച്ച റെക്കോർഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസിയെ 2 കോടി രൂപയ്ക്ക് ഡൽഹിയും വിൻഡീസ് താരം റോവ്മൻ പവലിനെ 1.5 കോടിക്ക് കൊൽക്കത്തയും ടീമിലെത്തിച്ചു. വാഷിങ്ടൻ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇൻഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും സ്വന്തമാക്കി. അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ, ഡാരിൽ മിച്ചൽ, ഷായ് ഹോപ്പ്, കെ.എസ്. ഭരത്, അലക്സ് ക്യാരി, ഡൊണോവൻ ഫെറെയ്‌ര എന്നിവർ ആദ്യ ഘട്ടത്തിൽ ‘അൺ സോൾഡ്’ ആയി.