ADVERTISEMENT

ജിദ്ദ∙ ഏതാനും വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിലുണ്ടെങ്കിലും, മാർക്കോ യാൻസനെന്ന ദക്ഷിണാഫ്രിക്കക്കാരനെ ഇന്ത്യൻ ആരാധകർ ഓർമിക്കുന്നത് അടുത്തിടെ സമാപിച്ച ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയുമായി ബന്ധപ്പെട്ടായിരിക്കും. പരമ്പരയിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയെ ഒരുപോലെ വിഷമിപ്പിച്ച യാൻസന്, ഐപിഎൽ താരലേലത്തിൽ പൊന്നും വില. ഏഴു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് യാൻസനെ സ്വന്തമാക്കിയത്.

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിൽ മികച്ച പ്രകടനം കൊണ്ടു ശ്രദ്ധ നേടുന്ന താരങ്ങൾക്ക് ഐപിഎൽ താരലേലത്തിൽ മികച്ച തുക ലഭിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതു ശരിവച്ചാണ് മാർക്കോ യാൻസനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയത്. പരമ്പരയിലെ റൺവേട്ടക്കാരിൽ നാലാമനും ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ രണ്ടാമനുമായിരുന്നു യാൻസൻ. നേടിയത് നാല് കളികളിൽനിന്ന് 34.00 ശരാശരിയിൽ 102 റൺസ്.

വിക്കറ്റ് വേട്ടക്കാരിൽ ആറാമനും ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ രണ്ടാമനും. നേടിയത് മൂന്നു വിക്കറ്റ്. പരമ്പരയിൽ നേടിയ റൺസിനേക്കാളും വീഴ്ത്തിയ വിക്കറ്റുകളേക്കാളും യാൻസനെ ടീമുകളുടെ പ്രിയങ്കരനാക്കിയത് സന്നിഗ്ധ ഘട്ടങ്ങളിൽ സമ്മർദ്ദമില്ലാതെ ബാറ്റു ചെയ്യാനും ബോൾ ചെയ്യാനുമുള്ള മികവാണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മറ്റു താരങ്ങൾ കൂട്ടത്തോടെ പുറത്താകുമ്പോഴും, പടുകൂറ്റൻ സിക്സറുകളുമായി തിരിച്ചടിക്കുന്ന യാൻസന്റെ മുഖം ഇന്ത്യൻ ആരാധകർ മറന്നിട്ടുണ്ടാകില്ല.

പരമ്പരയിൽ രണ്ടു സെഞ്ചറികളുമായി മിന്നിത്തിളങ്ങിയ മലയാളി താരം സഞ്ജു സാംസണിനെ, മറ്റു രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താക്കിയതും യാൻസനായിരുന്നു. ഇന്ത്യ ഏറെ പ്രതീക്ഷ വച്ചിരുന്ന സഞ്ജുവിനെ, തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ആദ്യ ഓവറിലാണ് യാൻസൻ പൂജ്യത്തിന് പുറത്താക്കിയത്. ഇതിനു പുറമേ, പിച്ചിൽ കയറിയിതിന്റെ പേരിൽ സഞ്ജു സാംസണുമായി വാക്പോര് നടത്തിയും ശ്രദ്ധ നേടിയിരുന്നു.

2021 സീസണിൽ ൈപിഎലിൽ അരങ്ങേറിയ യാൻസൻ ഇതുവരെ 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 9.43 ശരാശരിയിൽ 66 റൺസാണ് ആകെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽനിന്ന് 20 വിക്കറ്റുകളും സ്വന്തമാക്കി. 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

English Summary:

Marco Jansen set to play for Punjab Kings in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com