സച്ചിനും രോഹനും 55 പന്തിൽ അടിച്ചുകൂട്ടിയത് 105 റൺസ്; സഞ്ജു വിട്ടുനിന്നിട്ടും നാഗാലൻഡിനെ 8 വിക്കറ്റിന് വീഴ്ത്തി കേരളം
Mail This Article
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഋതുരാജ് ഗെയ്ക്‌വാദ് നയിച്ച മഹാരാഷ്ട്രയ്‌ക്കെതിരായ തോൽവിക്കു ശേഷം കേരളം വീണ്ടും വിജയവഴിയിൽ. ഹൈദരാബാദ് ജിംഖാന ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാഗാലൻഡിനെയാണ് കേരളം തോൽപ്പിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരുന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നാഗാലൻഡ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 120 റണ്‍സ്. മറുപടി ബാറ്റിങ്ങിൽ 52 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി കേരളം വിജയത്തിലെത്തി. കേരളത്തിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച സൂര്യകുമാർ യാദവിന്റെ മുംബൈയ്‌ക്കെതിരെയാണ്.
അർധസെഞ്ചറി നേടിയ ഓപ്പണർ രോഹൻ എസ്.കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറർ. 28 പന്തുകൾ നേരിട്ട രോഹൻ ആറു ഫോറും മൂന്നു സിക്സും സഹിതം 57 റൺസെടുത്ത് പുറത്തായി. സച്ചിൻ ബേബി 48 റൺസുമായി പുറത്താകാതെ നിന്നു. 31 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതമാണ് സച്ചിൻ 48 റൺസെടുത്തത്. സൽമാൻ നിസാർ മൂന്നു പന്തിൽ ഓരോ ഫോറും സിക്സും സഹിതം 11 റൺസോടെയും പുറത്താകാതെ നിന്നു.
കേരള നിരയിൽ നിരാശപ്പെടുത്തിയത് ആറു പന്തിൽ രണ്ടു റൺസെടുത്ത് പുറത്തായ ഓപ്പണർ വിഷ്ണു വിനോദ് മാത്രം. കഴിഞ്ഞ ദിവസം ഐപിഎൽ താരലേലത്തിൽ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ താരമാണ് വിഷ്ണു. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ വിഷ്ണുവിനെ നഷ്ടമായ കേരളത്തിന്, രണ്ടാം വിക്കറ്റിൽ സച്ചിൻ – രോഹൻ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് തുണയായത്. 55 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 105 റൺസ്!
നേരത്തേ, മൂന്നു വിക്കറ്റ് വീഴ്ത്തിയ എൻ.പി. ബേസിലിന്റെ നേതൃത്വത്തിലാണ് കേരളം നാഗാലാൻഡിനെ 120 റൺസിൽ ഒതുക്കിയത്. 33 പന്തിൽ നാലു ഫോറുകളോടെ 32 റൺസെടുത്ത ഓപ്പണർ ഷാംഫ്രിയാണ് നാഗാലാൻഡിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജൊനാഥൻ 25 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 22 റൺസെടുത്തു. നിശ്ചൽ 13 പന്തിൽ മൂന്നു ഫോറുകളോടെയും 22 റൺസെടുത്തു. ഇവർക്കു പുറമേ രണ്ടക്കം കണ്ടത് 12 പന്തിൽ 12 റൺസെടുത്ത ചേതൻ ബിഷ്ട് മാത്രം.
നാല് ഓവറിൽ 16 റൺസ് വഴങ്ങിയാണ് ബേസിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ തമ്പി നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എം.ഡി. നിധീഷ്, ജലജ് സക്സേന, അബ്ദുൽ ബാസിത് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.