ADVERTISEMENT

മുംബൈ∙ ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്താനുള്ള അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ശ്രമങ്ങളുമായി സഹകരിക്കാത്തതിനാൽ വധഭീഷണിയുണ്ടായെന്നും, അതിനാലാണ് ഇന്ത്യ വിട്ടതെന്നും വെളിപ്പെടുത്തി ഐപിഎലിന്റെ സ്ഥാപകനായ ലളിത് മോദി. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് ലളിത് മോദിയുടെ വെളിപ്പെടുത്തൽ. അന്നും ഇന്നും ഇന്ത്യയിലേക്കു തിരിച്ചുവരാൻ തനിക്ക് നിയമപരായി ഒരു തടസവുമില്ലെന്നും തനിക്കെതിരെ ഒരിടത്തും കേസില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്.

‘‘വധഭീഷണി ശക്തമായതോടെയാണ് ഞാൻ ഇന്ത്യ വിട്ടത്. അല്ലാതെ ഇന്ത്യ വിടാൻ എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പിനുള്ള ദാവൂദ് ഇബ്രാഹിന്റെ ശ്രമങ്ങളോട് സഹകരിക്കാത്തതിനായിരുന്നു വധഭീഷണി. വാതുവയ്പ്പിന് ഞാൻ തയാറായില്ല. എന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ അഴിമതി വിരുദ്ധ പോരാട്ടം പ്രധാനപ്പെട്ടതായിരുന്നു. ക്രിക്കറ്റിന്റെ മാന്യത നിലനിർത്തുന്നതിന് അത് പ്രധാനമാണെന്ന് ഞാൻ കരുതി’ – ലളിത് മോദി പറഞ്ഞു.

മുംബൈ വിമാനത്താവളത്തിൽ നിൽക്കുന്ന സമയത്ത് ഭീഷണിയുണ്ടെന്നു മനസ്സിലാക്കി വിഐപി ഗേറ്റ് വഴി പുറത്തുകടക്കാൻ സുരക്ഷാ ജീവനക്കാരൻ നിർദ്ദേശിച്ചതായും ലളിത് മോദി വെളിപ്പെടുത്തി. ദാവൂദ് ഇബ്രാഹിമിന്റെയും സംഘത്തിന്റെയും ഹിറ്റ് ലിസ്റ്റിൽ ഉണ്ടെന്നും ഇനി 12 മണിക്കൂറിൽ കൂടുതൽ സുരക്ഷ നൽകാനാകില്ലെന്ന് മുംബൈ പൊലീസ് നേരിട്ട് അറിയിച്ചതോടെയാണ് രാജ്യം വിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

‘‘ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹിമാൻഷു റോയ് എനിക്കായി വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. ഇനിയും നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾക്കു കഴിയില്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. എന്റെ ജീവിതം വൻ അപകടത്തിലാണെന്നും മുന്നറിയിപ്പു നൽകി. പരമാവധി അടുത്ത 12 മണിക്കൂർ നേരത്തേക്കു കൂടിയേ സുരക്ഷ ഉറപ്പു നൽകാനാകൂ എന്നും വ്യക്തമാക്കിയ അദ്ദേഹം, അവിടെനിന്ന് എന്നെ മുംബൈയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി’ – ലളിത് മോദി വിശദീകരിച്ചു.

ഏതു സമയത്തും തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താനാകുമെന്നും മോദി വ്യക്തമാക്കി. ‘എനിക്കു വേണമെങ്കിൽ നാളെ രാവിലെ ഇന്ത്യയിലേക്കു തിരിച്ചുവരാം. ഒരു പ്രശ്നവുമില്ല. നിയമപരമായി ഞാൻ കുറ്റവാളിയൊന്നുമല്ല. എനിക്കെതിരെ ഒരു കോടതിയിലും ഒരു കേസും നിലവിലില്ല. അങ്ങനെയൊന്നുണ്ടെങ്കിൽ പുറത്തുവിടൂ, കാണട്ടെ’ – ലളിത് മോദി വെല്ലുവിളിച്ചു.

അതേസമയം, ദാവൂദ് ഇബ്രാഹിന്റെ ഡി കമ്പനിയുടെ ഹിറ്റ് ലിസ്റ്റിലുള്ള ആളാണ് ലളിത് മോദി. ഒരിക്കൽ ബാങ്കോക്കിൽ ലളിത് മോദി താമസിച്ചിരുന്ന ഹോട്ടലിലേക്ക് ദാവൂദ് ഇബ്രാഹിമിന്റെ നിർദ്ദേശപ്രകാരം ഷാർപ്ഷൂട്ടർമാരുടെ ഒരു ടീം എത്തിയതായി ദാവൂദിന്റെ ഉറ്റ അനുയായി ഛോട്ടാ ഷക്കീൽ വെളിപ്പെടുത്തിയിരുന്നു.  എന്നാൽ, കൃത്യസമയത്ത് വിവരം ചോർന്നു കിട്ടിയതിനാലാണ് അന്ന് ലളിത് മോദി രക്ഷപ്പെട്ടതെന്നും ഷക്കീൽ പറഞ്ഞു.

English Summary:

‘IPL match fix…’: Lalit Modi makes BIG revelation on Dawood Ibrahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com