‘ഇന്ത്യൻ താരങ്ങൾ താങ്കൾക്ക് എന്തിന് ഹസ്തദാനം നൽകണം?’: ഗ്രൗണ്ടിലിറങ്ങിയ ഓസീസ് ചീഫ് സിലക്ടർ ബെയ്‍ലിക്ക് വിമർശനം
Mail This Article
അഡ്‌ലെയ്ഡ്‍∙ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഓസ്ട്രേലിയയുടെ കനത്ത തോൽവിക്കു പിന്നാലെ, ചീഫ് സിലക്ടർ ജോർജ് ബെയ്‍ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഇയാൻ ഹീലി. മത്സരത്തിനിടെ ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം ഡഗ്ഔട്ടിലുണ്ടായിരുന്ന ബെയ്‍ലി, മത്സരത്തിനുശേഷം ഇന്ത്യൻ താരങ്ങൾക്കൊപ്പം ഹസ്തദാനം നൽകാനും പോയതാണ് ഇയാൻ ഹീലിയെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ താരങ്ങൾ ബെയ്‍ലിക്ക് ഹസ്തദാനം നൽകേണ്ട എന്ത് ആവശ്യമാണുള്ളതെന്ന് ഹീലി ചോദിച്ചു. മത്സരത്തിനു ശേഷം ബെയ്‍ലി ഗ്രൗണ്ടിലിറങ്ങിയതനെയും ഹീലി വിമർശിച്ചു.
‘‘ബെയ‌്‌ലി ഗ്രൗണ്ടിലിറങ്ങി ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകുന്നതു കണ്ടു. മറ്റു താരങ്ങൾക്കൊപ്പം വരിവരിയായി നിന്നാണ് ബെയ്‍ലി ഇതു ചെയ്തത്. ഞാൻ ഒരു ഇന്ത്യൻ താരമാണെന്നു കരുതുക. സിലക്ഷൻ കമ്മിറ്റി അധ്യക്ഷനായ ജോർജ് ബെയ്‍ലിക്ക് ഹസ്തദാനം നൽകേണ്ട എന്ത് ആവശ്യമാണ് എനിക്ക്? എത്രയും വേഗം ഇതൊന്നു തീർത്ത് വിജയമാഘോഷിക്കാനാവില്ലേ അവർക്കു തിരക്ക്? അതിനിടയിൽ ചീഫ് സിലക്ടർ കൂടി കയറേണ്ട കാര്യമുണ്ടോ’ – ഹീലി ചോദിച്ചു.
പെർത്ത് ടെസ്റ്റിലെ വിജയം, റൺ അടിസ്ഥാനത്തിൽ ഓസീസിനെതിരെ ഓസീസ് മണ്ണിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമായിരുന്നു. ഈ നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സ്വന്തം നാട്ടിൽ ഓസീസ് തോൽക്കുന്നത് ഇത് നാലാം തവണ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. 2021ൽ ബെയ്‍ലി സിലക്ഷൻ കമ്മിറ്റി അധ്യക്ഷനായതിനു ശേഷം, ടെസ്റ്റിൽ 18 വിജയവും ആറു സമനിലയും ആറു തോൽവിയുമാണ് ഓസീസിനുള്ളത്.
ഓസീസ് താരങ്ങൾക്കൊപ്പം ഡഗ്ഔട്ടിൽ പോയിരുന്ന് സമയം ചെലവഴിച്ച ബെയ്‍ലിയെ കമന്റേറ്ററായ പാറ്റ് വെൽഷും വിമർശിച്ചു. ‘‘ട്രാക്ക് സ്യൂട്ടും ധരിച്ച് മറ്റു താരങ്ങൾക്കൊപ്പം ഡഗ്ഔട്ടിൽ പോയിരുന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ എന്തു ചെയ്യുകയാണ്? അദ്ദേഹം വല്ല കോർപറേറ്റ് ബോക്സിലും പോയിരുന്ന് കളി സൂക്ഷ്മമായി നിരീക്ഷിച്ച് കാര്യങ്ങൾ കുറിച്ചെടുക്കുകയല്ലേ വേണ്ടത്?’ – വെൽഷ് ചോദിച്ചു.