ADVERTISEMENT

ഡർബൻ∙ ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ ബോളിങ് പ്രകടനത്തിനു പിന്നാലെ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ശ്രീലങ്ക. ഡർബനിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 191 റൺസിന് ഓൾഔട്ടാക്കിയ ശ്രീലങ്ക, മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ 42 റൺസിന് എല്ലാവരും പുറത്തായി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ശ്രീലങ്കയുടെ ഏറ്റവും മോശം സ്കോറാണിത്. 1955ൽ ഇംഗ്ലണ്ടിനെതിരെ 26 റൺസിനു പുറത്തായ ന്യൂസീലൻഡിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേട്.

6.5 ഓവറിൽ 13 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റെടുത്ത മാർക്കോ യാൻസന്റെ പ്രകടനമാണ് ശ്രീലങ്കയെ തകർത്തുകളഞ്ഞത്. യാൻസന് കഴിഞ്ഞ ദിവസം ഐപിഎൽ താരലേലത്തിൽ 7 കോടി രൂപ ലഭിച്ചിരുന്നു. ജെറാൾഡ് കോട്സെ മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ നാല് ഓവറിൽ 10 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കുറവു പന്തിനുള്ളിൽ (83 പന്തുകൾ) പുറത്താകുന്ന രണ്ടാമത്തെ ടീമാണ് ശ്രീലങ്ക. 1924ൽ ഇംഗ്ലണ്ടിനെതിരെ 75 പന്തിൽ 30 റൺസിന് പുറത്തായ ദക്ഷിണാഫ്രിക്കയാണ് ഇക്കാര്യത്തിൽ ഒന്നാമത്. 

ശ്രീലങ്കൻ ഇന്നിങ്സിൽ രണ്ടക്കത്തിലെത്തിയത് 2 പേർ മാത്രം. 20 പന്തിൽ മൂന്നു ഫോറുകളോടെ 13 റൺസെടുത്ത കാമിന്ദു മെൻഡിസ് ടോപ് സ്കോററായി. അഞ്ച് പന്തിൽ രണ്ടു ഫോറുകൾ  സഹിതം 10 റൺസുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയാണ് രണ്ടക്കം കണ്ട മറ്റൊരാൾ. അഞ്ച് പേർ പൂജ്യത്തിനു പുറത്തായി. 

പാത്തും നിസ്സങ്ക (12 പന്തിൽ മൂന്ന്), കരുണരത്‌നെ (ഒൻപതു പന്തിൽ രണ്ട്), ദിനേഷ് ചണ്ഡിമൽ (നാലു പന്തിൽ 0), എയ്ഞ്ചലോ മാത്യൂസ് (14 പന്തിൽ ഒന്ന്), ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ (12 പന്തിൽ ഏഴ്), കുശാൽ മെൻഡിസ് (മൂന്നു പന്തിൽ 0), പ്രഭാത് ജയസൂര്യ (മൂന്നു പന്തിൽ 0), വിശ്വ ഫെർണാണ്ടോ (മൂന്നു പന്തിൽ 0), അസിത ഫെർണാണ്ടോ (രണ്ടു പന്തിൽ 0) എന്നിങ്ങനെയാണ് മറ്റു ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം.

നേരത്തേ, മുൻനിരയും മധ്യനിരയും കൂട്ടത്തോടെ നിരാശപ്പെടുത്തിയ ഇന്നിങ്സിൽ ക്യാപ്റ്റൻ തെംബ ബാവുമയുടെ അർധസെഞ്ചറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനി്ചചത്. 117 പന്തുകൾ നേരിട്ട ബാവുമ ഒൻപതു ഫോറും ഒരു സിക്സും സഹിതം 70 റൺസെടുത്തു. 35 പന്തിൽ 24 റൺസെടുത്ത കേശവ് മഹാരാജ്, 23 പന്തിൽ 15 റൺസെടുത്ത റബാദ, 21 പന്തിൽ 13 റൺസെടുത്ത മാർക്കോ യാൻസൻ എന്നിവരും ചേർന്നാണ് സ്കോർ 49.4 ഓവറിൽ 191ൽ എത്തിച്ചത്.

അസിത ഫെർണാണ്ടോ 14.4 ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ലഹിരു കുമാര 12 ഓവറിൽ 70 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീഴ്ത്തി. വിശ്വ ഫെർണാണ്ടോ, പ്രഭാത് ജയസൂര്യ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ടെസ്റ്റിൽ ശ്രീലങ്കയുടെ ഏറ്റവും ചെറിയ സ്കോറുകൾ

42 ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡർബനിൽ, 2024*

71 പാക്കിസ്ഥാനെതിരെ കാൻഡിയിൽ, 1994

73 പാക്കിസ്ഥാനെതിരെ കാൻഡിയിൽ, 2006

81 ഇംഗ്ലണ്ട് കൊളംബോയിൽ, 2001

82 ഇന്ത്യയ്‌ക്കെതിരെ ചണ്ഡിഗഡിൽ, 1990

82 ഇംഗ്ലണ്ടിനെതിരെ കാർഡിഫിൽ, 2011

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ചെറിയ സ്കോറുകൾ

42 ശ്രീലങ്ക ഡർബനിൽ, 2024*

45 ന്യൂസീലൻഡ് കേപ്ടൗണിൽ, 2013

47 ഓസ്ട്രേലിയ കേപ്ടൗണിൽ, 2011

49 പാക്കിസ്ഥാൻ ജൊഹാനസ്ബർഗിൽ, 2013

English Summary:

Sri Lanka All Out For 42 In First Test Against South Africa, Their Lowest In Test History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com