ഒരു ഓവറിൽ 4 സിക്സും 1 ഫോറും; ലേലത്തിൽ 2.2 കോടിക്ക് ചെന്നൈ വാങ്ങിയ താരത്തിനെതിരെ പാണ്ഡ്യയുടെ ‘ഹാർഡ്’ ഹിറ്റിങ്– വിഡിയോ
Mail This Article
ഇൻഡോർ∙ കഴിഞ്ഞ ദിവസം സൗദിയിലെ ജിദ്ദയിൽ സമാപിച്ച ഐപിഎൽ താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ താരത്തിനെതിരെ ഒരു ഓവറിൽ നാലു സിക്സും ഒരു ഫോറും സഹിതം 30 റൺസ് അടിച്ചെടുത്ത് ഹാർദിക് പാണ്ഡ്യ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടും ബറോഡയും തമ്മിലുള്ള ഗ്രൂപ്പ് ബി മത്സരത്തിലാണ് പാണ്ഡ്യയുടെ സംഹാര താണ്ഡവം. ഫലം, വിജയത്തിന്റെ വക്കിലായിരുന്ന തമിഴ്നാടിനെ തോൽവിയിലേക്ക് തള്ളിയിട്ട് അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ബറോഡ ജയിച്ചുകയറി. പാണ്ഡ്യ 30 പന്തിൽ നാലു ഫോറും ഏഴു സിക്സും സഹിതം 69 റൺസുമായി പുറത്താകാതെ നിന്നു.
ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങഇയ തമിഴ്നാട് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 221 റൺസ്. അർധസെഞ്ചറിയുമായി തിളങ്ങിയ എൻ.ജഗദീശനാണ് (32 പന്തിൽ 57) തമിഴ്നാടിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ബറോഡ 15.4 ഓവറിൽ ആറിന് 152 റൺസ് എന്ന നിലയിൽ തോൽവിയിലേക്കു നീങ്ങുമ്പോഴാണ് പാണ്ഡ്യ രക്ഷകനായി അവതരിച്ചത്. രാജ് ലിംബാനിയെ ഒരറ്റത്ത് സാക്ഷിനിർത്തി പാണ്ഡ്യ നടത്തിയ കടന്നാക്രമണം തമിഴ്നാട് ബോളർമാരുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു.
ഐപിഎൽ താരലേലത്തിൽ 2.20 കോടി രൂപയ്ക്ക് ചെന്നൈ ടീമിലെത്തിച്ച ഇടംകയ്യൻ പേസർ ഗുർജാപ്നീത് സിങ്ങാണ് പാണ്ഡ്യയുടെ ബാറ്റിന്റെ ചൂട് കൂടുതൽ അറിഞ്ഞത്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലനത്തിനിടെ വിരാട് കോലിയെ പുറത്താക്കി ശ്രദ്ധ നേടിയ താരമാണ് ഗുർജാപ്നീത്. പിന്നീട് രഞ്ജി ട്രോഫിയിൽ സാക്ഷാൽ ചേതേശ്വർ പൂജാരയുടെ വിക്കറ്റും നേടി.
ഗുർജാപ്നീതിനെതിരെ ഒരു ഓവറിൽ തുടർച്ചയായി നാലു സിക്സും ഒരു ഫോറും ഒരു സിംഗിളും ഒരു നോബോളും സഹിതം പാണ്ഡ്യ അടിച്ചെടുത്തത് 30 റൺസ്. ഇതോടെ മത്സരം തമിഴ്നാടിന്റെ കയ്യിൽനിന്ന് വഴുതി. തമിഴ്നാട് ബാറ്റു ചെയ്യുമ്പോൾ തന്റെ ഒരു ഓവറിൽ മൂന്നു സിക്സറുകൾ അടിച്ചുകൂട്ടിയ വിജയ് ശങ്കറായിരുന്നു പാണ്ഡ്യയുടെ അടുത്ത ‘ഇര’. വിജയ് ശങ്കറിനെതിരെ ഒരു ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 18 റൺസ് കൂടി അടിച്ചുകൂട്ടിയ പാണ്ഡ്യ, അവസാന ഓവറിലെ ആദ്യ പന്തിൽ റണ്ണൗട്ടാവുകയായിരുന്നു.
അപ്പോഴും വിജയത്തിൽനിന്ന് ഒൻപത് റൺസ് അകലെയായിരുന്ന ബറോഡയെ, അവസാന പന്തിൽ ബൗണ്ടറി നേടി അതീഷ് സേത്താണ് വിജയത്തിലെത്തിച്ചത്. സേത്ത് മൂന്നു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസോടെയും രാജ് ലിംബാനി നാലു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസോടെയും പുറത്താകാതെ നിന്നു. മത്സരത്തിൽ ആദ്യ രണ്ട് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ ഗുർജാപ്നീത് മൂന്ന് ഓവറിൽ വഴങ്ങിയത് 44 റൺസ്. വിജയ് ശങ്കർ ഒരു ഓവറിൽ 18 റൺസും വഴങ്ങി. നാല് ഓവറിൽ 43 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി, നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സായ് കിഷോർ എന്നിവർക്കും തമിഴ്നാടിനെ രക്ഷിക്കാനായില്ല. മലയാളി താരം സന്ദീപ് വാരിയർ ഒരു വിക്കറ്റെടുത്തു.
നേരത്തേ, 32 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം ജഗദീശനു പുറമേ 22 പന്തിൽ നാലു സിക്സറുകൾ സഹിതം 42 റൺസുമായി പുറത്താകാതെ നിന്ന വിജയ് ശങ്കർ, 25 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 39 റൺസെടുത്ത ക്യാപ്റ്റൻ ഷാരൂഖ് ഖാൻ എന്നിവരുടെ ഇന്നിങ്സുകൾ കൂടി ചേർന്നതോടെയാണ് തമിഴ്നാട് 221 റൺസെടുത്തത്. ബറോഡയ്ക്കായി ലുക്‌മാൻ മെറിവാല നാല് ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.