ADVERTISEMENT

ഇൻഡോർ∙ മെഗാ താരലേലത്തിൽ വാങ്ങാതെ ‘കണ്ണടച്ച’ ഐപിഎൽ ടീമുകളുടെ ‘മുഖമടച്ച്’ കിട്ടിയ അടി – ട്വന്റി20 ക്രിക്കറ്റിൽ പുതുചരിത്രമെഴുതി തകർത്തടിച്ച് സെഞ്ചറി നേടിയ ഗുജറാത്ത് താരം ഉർവിൽ പട്ടേലിന്റെ പ്രകടനത്തെ ഇങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും! സൗദിയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ താരലേലത്തിൽ ‘അൺസോൾഡ്’ ആയിരുന്ന പട്ടേൽ, രണ്ടു ദിവസങ്ങൾക്കിപ്പുറം ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചറിയുമായി റെക്കോർഡിട്ടു. അതും, ഇതേ താരലേലത്തിൽ 27 കോടി രൂപയുമായി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വിലകൂടിയ താരമായി മാറിയ ഋഷഭ് പന്തിന്റെ പേരിലുള്ള റെക്കോർഡ് തകർത്ത്!

ഇൻഡോറിലെ എമറാൾഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ത്രിപുരയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ സെഞ്ചറി നേടിയത് വെറും 28 പന്തിലാണ്. മത്സരത്തിലാകെ 35 പന്തുകൾ നേരിട്ട ഉർവൽ പട്ടേൽ, ഏഴു ഫോറും 12 സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തപ്പോൾ, പട്ടേലിന്റെ കടന്നാക്രമണത്തിന്റെ മികവിൽ 58 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഗുജറാത്ത് വിജയത്തിലെത്തി. 322.86 എന്ന കൂറ്റൻ സ്ട്രൈക്ക് റേറ്റിന്റെ കൂടി അകമ്പടിയിലാണ് പട്ടേലിന്റെ സെഞ്ചറി പ്രകടനം.

2018ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 32 പന്തിൽ സെഞ്ചറി നേടിയാണ് പന്ത് റെക്കോർഡിട്ടത്. ഡൽഹിക്കായി ഹിമാചൽ പ്രദേശിനെതിരെയായിരുന്നു പന്തിന്റെ റെക്കോർഡ് പ്രകടനം. അതിവേഗ സെഞ്ചറിയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാമനായെങ്കിലും, പട്ടേലിനേക്കാൾ ഒരു പന്തു മുൻപേ സെഞ്ചറി നേടിയൊരു താരം പുറത്തുണ്ട്. ഈ വർഷം തന്നെ സൈപ്രസിനെതിരെ എസ്തോണിയയ്ക്കായി 27 പന്തിൽ സെഞ്ചറി നേടിയ സഹിൽ ചൗഹാൻ. ആർസിബിക്കായി പുണെ വാരിയേഴ്സിനെതിരെ 30 പന്തിൽ സെഞ്ചറി നേടിയ ക്രിസ് ഗെയ്‌ലിനെ പട്ടേൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

അതിവേഗ സെഞ്ചറിയിലൂടെ ഉർവിൽ പട്ടേൽ സെഞ്ചറി നേടുന്നത് ഇത് ആദ്യ സംഭവമല്ല. കൃത്യം ഒരു വർഷം മുൻപ്, 2023 നവംബർ 27ന് ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയെന്ന നേട്ടവും ഉർവിൽ പട്ടേൽ സ്വന്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ ഗുജറാത്തിനായി 41 പന്തിലാണ് അന്ന് സെഞ്ചറി നേടിയത്. ഇക്കാര്യത്തിൽ പട്ടേലിനു മുന്നിലുള്ളത് 40 പന്തിൽ സെഞ്ചറി നേടിയിട്ടുള്ള യൂസഫ് പഠാൻ മാത്രം.

കഴിഞ്ഞ ഐപിഎൽ സീസണിൽ 20 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ ഉർവിൽ പട്ടേലിനെ, ഈ സീസണിനു മുന്നോടിയായി ടീം ഒഴിവാക്കിയിരുന്നു. ഈ വർഷം ജിദ്ദയിൽ നടന്ന താരലേലത്തിലും പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും, അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു പോലും ആരും വാങ്ങാനാളില്ലാതെ പോയതോടെ അൺസോൾഡ് ആയി.

English Summary:

Gujarat’s Urvil Patel smashes fastest T20 hundred by an Indian, surpassing Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com