അഭിമാനമാണ് പ്രധാനം, ക്രിക്കറ്റിന്റെ വിജയത്തിന് ‘ഹൈബ്രിഡ് മോഡൽ’ അംഗീകരിച്ചു: പിസിബി ചെയർമാൻ
Mail This Article
ഇസ്‍ലാമബാദ്∙ ക്രിക്കറ്റിന്റെ വിജയത്തിനു വേണ്ടിയാണ് ചാംപ്യൻസ് ട്രോഫി ‘ഹൈബ്രിഡ് മോഡലിൽ’ നടത്താമെന്നു സമ്മതിച്ചതെന്നു പ്രതികരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വി. ക്രിക്കറ്റിന്റെ അന്തിമ വിജയം ഉറപ്പാക്കാൻ വേണ്ടിയാണു പുതിയ നീക്കമെന്നും മൊഹ്സിൻ നഖ്‍വി ദുബായിൽവച്ച് മാധ്യമങ്ങളോടു പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സമ്മർദത്തെ തുടർന്നാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാനു പുറത്തു നടത്താൻ പാക്ക് ക്രിക്കറ്റ് ബോർഡ് സമ്മതിച്ചത്. മത്സരങ്ങളെല്ലാം പാക്കിസ്ഥാനിൽ തന്നെ വേണമെന്നായിരുന്നു പിസിബി ആദ്യം സ്വീകരിച്ച നിലപാട്.
‘‘നിലവിലെ സാഹചര്യം വഷളാക്കുന്ന രീതിയിൽ ഒന്നും പറയരുതെന്ന് എനിക്കുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും അവരുടെ നിലപാടുകൾ അറിയിച്ചുകഴിഞ്ഞു. ഇരു വിഭാഗങ്ങൾക്കും അനുകൂലമായ രീതിയിൽ ഒരു പരിഹാരത്തിനു വേണ്ടിയാണ് എല്ലാവരും കഠിനാധ്വാനം ചെയ്യുന്നത്. ക്രിക്കറ്റാണ് ഇവിടെ ശരിയായ വിജയി. പാക്കിസ്ഥാന്റെ അഭിമാനമാണ് ഏറ്റവും പ്രധാനം. ക്രിക്കറ്റ് വളരുന്നതിലൂടെ പാക്കിസ്ഥാന്റെ അഭിമാനം സംരക്ഷിക്കപെടുന്നു.’’– നഖ്‍വി പ്രതികരിച്ചു.
‘‘പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കാൻ പോകുന്നുണ്ട്. എന്നാൽ ഇന്ത്യ ഇങ്ങോട്ടു വരുന്നില്ല. ഏകപക്ഷീയമായ ഇത്തരം നീക്കങ്ങൾ മാറ്റുന്നതിനാണു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്.’’– നഖ്‍വി വ്യക്തമാക്കി. ഹൈബ്രിഡ് മോഡലിനെ അംഗീകരിച്ച പാക്ക് ക്രിക്കറ്റ് ബോർഡ്, ഇന്ത്യയിൽ 2031 വരെ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളിലും ഹൈബ്രിഡ് മോഡൽ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യയിൽ പോയി കളിക്കാൻ സാധിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ഇതിനോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.