ADVERTISEMENT

കാൻബറ∙ പരുക്കുമാറി ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നതിനു മുൻപ് ‘ മോഡല്‍ പരീക്ഷ പാസായി’ ശുഭ്മൻ ഗിൽ. ഗില്ലിന്റെ അർധ സെഞ്ചറിക്കരുത്തിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ശുഭ്മൻ ഗില്‍ 62 പന്തിൽ 50 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും മികച്ച തുടക്കമാണു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 59 പന്തുകൾ നേരിട്ട ജയ്സ്വാൾ 45 റൺസാണു നേടിയത്. 27 റൺസെടുത്ത രാഹുൽ ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. എന്നാൽ പിന്നാലെയെത്തിയ രോഹിത് ശർമയ്ക്കു തിളങ്ങാൻ സാധിച്ചില്ല. മൂന്നു റൺസ് മാത്രമെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ, ആൻഡേഴ്സന്റെ പന്തിൽ പുറത്തായി.

അർധ സെഞ്ചറിക്കു പിന്നാലെ ഗില്ലും ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങി. നിതീഷ് കുമാർ റെഡ്ഡി (32 പന്തിൽ 42), വാഷിങ്ടൻ സുന്ദർ (26 പന്തിൽ 31), രവീന്ദ്ര ജഡേജ (31 പന്തിൽ 27) എന്നിവരും സ്കോർ‌ കണ്ടെത്തി. സൂപ്പർ താരം വിരാട് കോലി ബാറ്റിങ്ങിന് ഇറങ്ങിയില്ല. 43–ാം ഓവറിൽ വിജയ റൺസ് കുറിച്ച ഇന്ത്യ 46 ഓവറും ബാറ്റു ചെയ്ത ശേഷമാണ് ഡ്രസിങ് റൂമിലേക്കു മടങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ 43.2 ഓവറിൽ 240 റൺസെടുത്തു പുറത്തായി. 19 വയസ്സുകാരൻ സാം കൊൻസ്റ്റാസ് സെഞ്ചറി നേടി. 97 പന്തുകൾ നേരിട്ട താരം 107 റൺസെടുത്തു പുറത്തായി. ഹന്നോ ജേക്കബ്സ് (60 പന്തിൽ 61), ജേക് ക്ലെയ്റ്റൻ (52 പന്തിൽ 40) എന്നിവരും ഇന്ത്യയ്ക്കെതിരെ തിളങ്ങി. ഹര്‍ഷിത് റാണ നാലും ആകാശ്ദീപ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്.

ദ്വിദിന സന്നാഹ മത്സരത്തിലെ ആദ്യ ദിവസം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ദിവസം 46 ഓവറായി മത്സരം വെട്ടിച്ചുരുക്കുകയായിരുന്നു. ഡിസംബർ ആറിനാണ് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടം. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.

English Summary:

Indians beat Prime Ministers XI in practice match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com