ആറു പന്തിനിടെ 4 വിക്കറ്റ്; ‘പിങ്കിൽ’ തിളങ്ങി ഹർഷിത് റാണ, മറുപടിയില്ലാതെ ഓസീസ് ബാറ്റർമാർ - വിഡിയോ
Mail This Article
കാൻബറ ∙ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയായി യുവതാരം ഹർഷിത് റാണയുടെ ബോളിങ് പ്രകടനം. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ, കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടത് പിങ്ക് ബോളിൽ റാണ തീർത്ത മായാജാലമാണ്. വെറും ആറു പന്തിന്റെ ഇടവേളയിൽ റാണ തിരിച്ചയച്ചത് നാല് ഓസീസ് ബാറ്റർമാരെയാണ്. ഒരു ഘട്ടത്തിൽ രണ്ടിന് 131 റൺസുമായി മികച്ച സ്കോറിലേക്ക് മുന്നേറിയ ഓസീസ്, ഇതോടെ ആറിന് 133 റൺസ് എന്ന നിലയിൽ തകർന്നു.
ഓപ്പണർ സാം കോൺസ്റ്റാസിന്റെ സെഞ്ചറി മികവിലാണ് (107) തുടക്കത്തിൽ ഇന്ത്യൻ പേസർമാരുടെ വെല്ലുവിളികളെ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ അതിജീവിച്ചത്. കോൺസ്റ്റാസിന്റെ കരുത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്ത ഓസീസ് ടീമിനെ, റാണയുടെ സ്പെൽ കൂട്ടത്തകർച്ചയിലേക്ക് തള്ളിയിട്ടു. മത്സരത്തിലാകെ 6 ഓവറിൽ 44 റൺസ് വഴങ്ങി ഹർഷിത് റാണ 4 വിക്കറ്റെടുത്തു.
ഏകദിന രീതിയിൽ നടത്തിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 240 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. മഴമൂലം ആദ്യദിനം കളിമുടങ്ങിയതോടെ ദ്വിദിന സന്നാഹം ഇന്നലെ 46 ഓവർ മത്സരമായി ചുരുക്കുകയായിരുന്നു. 6ന് അഡ്‌ലെയ്ഡിൽ ഡേ നൈറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ പിങ്ക് ബോളാണ് ഇന്നലത്തെ മത്സരത്തിലും ഉപയോഗിച്ചത്.
ഓസ്ട്രേലിയൻ ഇന്നിങ്സിലെ 23, 25 ഓവറുകളിലായാണ് ആറു പന്തിനിടെ നാലു വിക്കറ്റുമായി റാണ തിളങ്ങിയത്. അതിനു മുൻപ് ഓസീസ് ബാറ്റർമാർക്ക് കാര്യമായ ഭീഷണിയൊന്നും സൃഷ്ടിക്കാതെ റൺസ് വഴങ്ങിയ റാണ, ഈ വരവിൽ മത്സരം കീഴ്‌മേൽ മറിച്ചു. പ്രധാന ബോളറായ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലായിരുന്നു ഹർഷിത് റാണയുടെ തകർപ്പൻ പ്രകടനം.
40 റൺസുമായി ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുവേണ്ടി പോരാട്ടം ഇന്ത്യൻ ക്യാംപിലേക്കു നയിക്കുകയായിരുന്ന ജാക്ക് ക്ലെയ്ട്ടനായിരുന്നു റാണയുടെ ആദ്യത്തെ ഇര. 23–ാം ഓവറിലെ നാലാം പന്തിൽ ക്ലെയ്ട്ടനെ റാണ ക്ലീൻ ബൗൾഡാക്കി. ഓവറിലെ അവസാന പന്തിൽ ഒലിവർ ഡേവിസിനെ ഡക്കിനു മടക്കിയതോടെ ഓസീസ് നാലിന് 131 റൺസ് എന്ന നിലയിലായി.
പിന്നീട് 25–ാം ഓവർ എറിയാനെത്തിയ റാണ വീണ്ടും എതിർ ടീമിനെ തകർച്ചയിലേക്കു തള്ളിയിട്ടു. ആദ്യ പന്തിൽത്തന്നെ ഒരു റണ്ണുമായി ജാക്ക് എഡ്വേഡ്സിനെ ലോങ് ലെഗിൽ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ചു. പിന്നാലെ മൂന്നാം പന്തിൽ സാം ഹാർപറിനെയും സമാന രീതിയിൽ പുറത്താക്കി റാണ ഓസീസിനെ ആറിന് 133 റൺസ് എന്ന നിലയിലാക്കി. ഹാർപറിനെ പുറത്താക്കാൻ ക്യാച്ചെടുത്തതും പ്രസിദ്ധ് കൃഷ്ണ തന്നെ.