ഒരു ഓവറിൽ 4, 6, 4, 0, 4, പിന്നാലെ ഔട്ട്; ‘മഴക്കളി’ക്കിടെ തകർത്തടിച്ച് ക്യാപ്റ്റൻ സഞ്ജു, കേരളം ക്വാർട്ടറിനരികെ – വിഡിയോ
Mail This Article
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ തകർത്തടിച്ച് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. മഴമൂലം 13 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ കേരളത്തിനായി ഇന്നിങ്സ് ഓപ്പണർ ചെയ്ത സഞ്ജു നേടിയത് 15 പന്തിൽ 31 റൺസ്. നാലു ഫോറും രണ്ടു സിക്സും സഹിതമാണിത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട സൽമാൻ നിസാർ (20 പന്തിൽ 34) കഴിഞ്ഞാൽ കേരളത്തിന്റെ ടോപ് സ്കോററും സഞ്ജു തന്നെ.
നാലു ഫോറും രണ്ടു സിക്സും സഹിതം ആകെ നേടിയ ആറു ബൗണ്ടറികളിൽ നാലും സഞ്ജു നേടിയത് ഫെലിക്സ് അലിമാവോയുടെ ഒറ്റ ഓവറിലാണ്. കേരള ഇന്നിങ്സിലെ നാലാം ഓവറിൽ പിറന്നത് മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റൺസ്. ഓവറിലെ അവസാന പന്തിൽ അടുത്ത ബൗണ്ടറിക്കുള്ള ശ്രമത്തിൽ സഞ്ജു പുറത്താവുകയും ചെയ്തു. കശ്യപ് ബാഖലെയ്ക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു സഞ്ജുവിന്റെ മടക്കം.
സഞ്ജുവും രോഹൻ കുന്നുമ്മലും നൽകിയ മിന്നുന്ന തുടക്കം മുതലെടുത്താണ് ‘മഴക്കളി’ക്കിടയിലും കേരളം മികച്ച സ്കോറിലേക്ക് എത്തിയത്. ഓപ്പണിങ് വിക്കറ്റിൽ സഞ്ജു – രോഹൻ സഖ്യം അടിച്ചുകൂട്ടിയത് 43 റൺസാണ്. ഇതിൽ 31 റൺസും സഞ്ജുവിന്റെ വക.
മഴമൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഗോവ 7.5 ഓവറിൽ 69 റൺസെടുത്തു നിൽക്കെ വീണ്ടും മഴ വില്ലനായി. തുടർന്ന് മഴനിയമപ്രകാരം കേരളത്തെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഗ്രൂപ്പ് റൗണ്ടിലെ നാലാം ജയം നേടിയ കേരളം അവസാന മത്സരത്തിൽ നാളെ ആന്ധ്രയെ നേരിടും. ആ മത്സരം ജയിച്ചാൽ ഗ്രൂപ്പ് ചാംപ്യൻമാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാം.