ADVERTISEMENT

ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാൻ ഇറങ്ങിയ കേരളത്തിന്, ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ ദയനീയ തോൽവി. ഹൈദരാബാദിലെ ജിംഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് ആന്ധ്ര കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ജലജ് സക്സേനയുടെ ബോളിങ് നേരിയ തലവേദന സൃഷ്ടിച്ചെങ്കിലും, ഓപ്പണർ കെ.എസ്. ഭരതിന്റെ അപരാജിത അർധസെഞ്ചറിയുടെ കരുത്തിൽ 42 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ആന്ധ്ര വിജയത്തിലെത്തി.

ഇതോടെ, കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ആന്ധ്ര ഗ്രൂപ്പ് ചാംപ്യൻ പദവി ഏറെക്കുറെ ഉറപ്പാക്കി. രണ്ടാം തോൽവി വഴങ്ങിയ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾക്ക് ഇന്നത്തെ തോൽവി കനത്ത തിരിച്ചടിയുമായി. 33 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 56 റൺസെടുത്ത ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറർ. അശ്വിൻ ഹെബ്ബാർ (11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12), ക്യാപ്റ്റൻ റിക്കി ഭുയി (15 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 14) എന്നിവരും ഭേദപ്പെട്ട സംഭാവന ഉറപ്പാക്കി.  നിരാശപ്പെടുത്തിയത് റഷീദ് (13 പന്തിൽ അഞ്ച്), ആവിൻഷ് പൈല (0) എന്നിവർ മാത്രം. വിനയ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

കേരളത്തിന് മത്സരത്തിൽ ആകെ ഓർക്കാനുള്ളത് അതിഥി താരം ജലജ് സക്സേനയുടെ ഓൾറൗണ്ട് പ്രകടനം മാത്രം. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത് കേരളത്തിന്റെ ടോപ് സ്കോററായ സക്സേന, മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. എം.ഡി. നിധീഷ് മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

∙ നിരാശപ്പെടുത്തി ബാറ്റിങ് നിര

നേരത്തെ, സീസണിലെ ഏറ്റവും മോശം പ്രകടനവുമായി ബാറ്റർമാർ നിരാശപ്പെടുത്തിയതോടെയാണ് കേരളം 18.1 ഓവറിൽ 87 റൺസിന് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരള നിരയിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരെല്ലാം നിരാശപ്പെടുത്തി. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത അതിഥി താരം ജലജ് സക്സേന ടോപ് സ്കോററായി.

സഞ്ജു സാംസൺ 12 പന്തിൽ ഒരു ഫോർ സഹിതം 7 റൺസെടുത്ത് മടങ്ങി. ഈ സീസണിൽ മികച്ച ഫോമിലായിരുന്ന ഓപ്പണർ രോഹൻ എസ്.കുന്നുമ്മൽ 11 പന്തിൽ ഒരു ഫോർ സഹിതം 9 റൺസെടുത്തും മടങ്ങി. 25 പന്തിൽ 2 ഫോറുകൾ സഹിതം 18 റൺസെടുത്ത ഓൾറൗണ്ടർ അബ്ദുൽ ബാസിത്, 13 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത എം.ഡി. നിധീഷ് എന്നിവരാണ് സക്സേനയ്ക്കു പുറമേ കേരള നിരയിൽ രണ്ടക്കത്തിലെത്തിയ കേരള താരങ്ങൾ. പരിചയസമ്പന്നനായ സച്ചിൻ ബേബി കളിക്കാതിരുന്നതും കേരളത്തിനു തിരിച്ചടിയായി. മുഹമ്മദ് അസ്ഹറുദ്ദീൻ (0), സൽമാൻ‌ നിസാർ (ഏഴു പന്തിൽ മൂന്ന്), വിഷ്ണു വിനോദ് (രണ്ടു പന്തിൽ ഒന്ന്), ഷറഫുദ്ദീൻ (0), വിനോദ് കുമാർ (11 പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

വാലറ്റത്ത് എം.ഡി. നിധീഷിനെ കൂട്ടുപിടിച്ച് അബ്ദുൽ ബാസിത് ഒൻപതാം വിക്കറ്റിൽ 22 പന്തിൽ കൂട്ടിച്ചേർത്ത 21 റൺസാണ് കേരള നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ ജലജ് സക്സേന – സഞ്ജു സാംസൺ സഖ്യം 11 പന്തിൽ 19 റൺസും, ഓപ്പണിങ് വിക്കറ്റിൽ സഞ്ജു – രോഹൻ സഖ്യം 20 പന്തിൽ 17 റൺസും കൂട്ടിച്ചേർത്തു. ആന്ധ്രയ്ക്കായി ശശികാന്ത് നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കെ.സുദർശൻ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും വിനയ് നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 17 റൺസ് വഴങ്ങിയും, രാജു 3.1 ഓവറിൽ 19 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേന റണ്ണൗട്ടായി.

English Summary:

Andhra vs Kerala, Syed Mushtaq Ali Trophy 2024, Group E Match - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com