ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വെറ്ററൻ താരം അജിൻക്യ രഹാനെ നയിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന രഹാനെയെ 1.5 കോടി രൂപയ്ക്കാണ് താരലേലത്തിലൂടെ കൊൽക്കത്ത സ്വന്തമാക്കിയത്. ട്വന്റി20 ഫോർമാറ്റിൽ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ്, നിലവിലെ ചാംപ്യൻമാരെ നയിക്കാൻ രഹാനെ എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ. 23.75 കോടി രൂപ നൽകി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരായിരിക്കും ക്യാപ്റ്റനെന്ന അഭ്യൂഹങ്ങൾക്കിടെയാണ്, 1.5 കോടി മാത്രം നൽകി ടീമിലെത്ത രഹാനെ ക്യാപ്റ്റനാകുമെന്ന റിപ്പോർട്ട്.

ഇന്ത്യൻ ടീമിൽനിന്ന് പുറത്തായിട്ട് കുറച്ചുകാലമായെങ്കിലും, രഞ്ജി ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റനാണ് രഹാനെ. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയും ഇത്തവണ ഇറാനി കപ്പും നേടി മുംബൈ ‘ഡബിൾ’ സ്വന്തമാക്കിയതും രഹാനെയുടെ നേതൃത്വത്തിലാണ്.

‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ, അജിൻക്യ രഹാനെ തന്നെയാകും കൊൽക്കത്തയെ നയിക്കുക എന്നത് 90 ശതമാനം ഉറപ്പാണ്. ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ഏറ്റവും നല്ല സാധ്യതകളിൽ ഒന്നെന്ന നിലയിലാണ് രഹാനെയെ കൊൽക്കത്ത ലേലത്തിലൂടെ സ്വന്തമാക്കിയത്’ – ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇത്തവണ വെങ്കടേഷ് അയ്യർ ടീമിന്റെ നായകനാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. നാലു വർഷമായി ടീമിനൊപ്പമുള്ള താരമെന്നതും നിലവിൽ ടീമിന്റെ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റിനൊപ്പം മധ്യപ്രദേശിൽ കളിക്കുന്ന കാലത്ത് ഒരുമിച്ചു പ്രവർത്തിച്ചിരുന്നതും അയ്യരുടെ സാധ്യതകളായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

ഇത്തവണ ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കാൻ തയാറാണെന്ന്, 23.75 കോടി രൂപയ്ക്ക് ലേലത്തിൽ ടീം വാങ്ങിയതിനു പിന്നാലെ വെങ്കടേഷ് അയ്യർ പ്രതികരിച്ചിരുന്നു. ‘‘ക്യാപ്റ്റൻസി പേരിനുള്ള പദവി മാത്രമാണെന്ന് കരുതുന്നയാളാണ് ഞാൻ. ടീമിലെ ഓരോ അംഗത്തിനും സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാൻ സഹായകമാകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് നല്ല ക്യാപ്റ്റന്റെ ചുമതല. ക്യാപ്റ്റൻ സ്ഥാനം എന്നെ ഏൽപ്പിച്ചാൽ ഏറ്റവും സന്തോഷത്തോടെ അത് ഏറ്റെടുക്കും’ – വെങ്കടേഷ് അയ്യർ പറഞ്ഞു. നിതീഷ് റാണയുടെ അഭാവത്തിൽ ടീമിനെ നയിച്ചിട്ടുണ്ടെന്നും ഉപനായകനായിട്ടുണ്ടെന്നും അയ്യർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു മുൻപ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച് പരിചയമുള്ള താരമാണ് രഹാനെ. 2018ലും 2019ലുമാണ് രഹാനെ രാജസ്ഥാൻ നായകനായിരുന്നത്. അന്ന് 24 മത്സരങ്ങളിൽനിന്ന് ആകെ ഒൻപതു മത്സരം മാത്രമാണ് ജയിക്കാനായത്. അതേസമയം, മുംബൈയെ 26 ട്വന്റി20 മത്സരങ്ങളിൽ നയിച്ച രഹാനെ, 19 മത്സരങ്ങളിൽ ടീമിനു വിജയം സമ്മാനിച്ചു. ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രഹാനെയ്‌ക്കു പകരം ശ്രേയസ് അയ്യരാണ് മുംബൈയെ നയിക്കുന്നത്. കൊൽക്കത്ത ടീമിന്റെ നായകസ്ഥാനത്തെത്തിയാൽ, ഇതേ ശ്രേയസ് അയ്യരുടെ പിൻഗാമിയാകും രഹാനെ എന്ന പ്രത്യേകതയുമുണ്ട്.

English Summary:

Kolkata Knight Riders Set To Appoint Ajinkya Rahane As New Captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com