മൂന്നാം പന്തിൽ പൃഥ്വി ഷാ പുറത്ത്, തിരിച്ചുവരവില്‍ സൂര്യ ‘ഷോ’, ഏഴു സിക്സ് പറത്തി ദുബെ; മുംബൈയ്ക്ക് വിജയം
Mail This Article
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നാലാം വിജയം സ്വന്തമാക്കി മുംബൈ. ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ് ടീമിനൊപ്പം ചേർന്ന മത്സരത്തിൽ, സർവീസസിനെതിരെ മുംബൈ നേടിയത് 39 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ, സർവീസസ് 19.3 ഓവറിൽ 153 റൺസെടുത്ത് ഓൾഔട്ടായി.
മുംബൈയ്ക്കു വേണ്ടി ശിവം ദുബെയും സൂര്യകുമാർ യാദവും അർധ സെഞ്ചറി നേടി. 37 പന്തുകളിൽ 71 റൺസാണ് ശിവം ദുബെ അടിച്ചെടുത്തത്. ഏഴു സിക്സുകളും രണ്ടു ഫോറുകളും താരം അടിച്ചുപറത്തി. 46 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 70 റൺസെടുത്തു. നാലു സിക്സുകളും ഏഴു ഫോറുകളുമാണ് സൂര്യ ബൗണ്ടറി കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ഓപ്പണർ പൃഥ്വി ഷായെ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. പൂനം സുഭാഷ് പൂനിയയുടെ മൂന്നാം പന്തിൽ പൃഥ്വി ഷാ റണ്ണൊന്നുമെടുക്കാതെ പുറത്തായി. തുടർന്ന് അജിൻക്യ രഹാനെയും (18 പന്തില്‍ 22) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (14 പന്തിൽ 20) പിടിച്ചുനിന്നതോടെ മുംബൈ സ്കോർ ഉയർന്നു. ഇരുവരുടേയും പുറത്താകലിനു ശേഷമായിരുന്നു സൂര്യകുമാർ യാദവും ശിവം ദുബെയും മുംബൈ സ്കോറിങ്ങിന്റെ കരുത്തായത്.
66 പന്തുകളിൽനിന്ന് 130 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. 19.2 ഓവറിൽ മുംബൈ സ്കോർ 190 ല്‍ എത്തിച്ച ശേഷമാണ് വിശാൽ ഗൗറിന്റെ പന്തിൽ സൂര്യകുമാർ യാദവ് പുറത്താകുന്നത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ മോഹിത് അഹ്‍ലാവത്ത് അര്‍ധ സെഞ്ചറി( 40 പന്തിൽ 54) നേടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. വികാസ് ഹത്‍വാല (24 പന്തിൽ 22) മോഹിത് രാതി (11 പന്തിൽ 20) എന്നിവരാണ് സർവീസസിന്റെ മറ്റ് പ്രധാന സ്കോറർമാർ.
മുംബൈയ്ക്കു വേണ്ടി ഷാർദൂൽ ഠാക്കൂർ നാലും ഷംസ് മുലാനി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച മുംബൈ ഇ ഗ്രൂപ്പിൽ ആന്ധ്രപ്രദേശിനും കേരളത്തിനും പിന്നിലായി മൂന്നാം സ്ഥാനത്താണ്. കേരളത്തോടു മാത്രമാണ് മുംബൈ ഇതുവരെ തോറ്റിട്ടുള്ളത്.