‘ഒരുകൈ സഹായ’വുമായി ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയ്ക്ക് കൂടുതൽ ‘വഴികൾ’!
Mail This Article
മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെ, ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് ബോർഡർ ഗാവസ്കർ ട്രോഫി 5 മത്സര പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ 4–0ന്റെ ജയമായിരുന്നു. ഏറക്കുറെ അസാധ്യമെന്നു തോന്നിച്ച ഈ ലക്ഷ്യത്തിന്റെ ആദ്യ കടമ്പ പെർത്തിലെ വിജയത്തോടെ ഇന്ത്യ കടന്നു. എന്നാൽ തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും ഇംഗ്ലണ്ട് ന്യൂസീലൻഡിനെയും തോൽപിച്ചപ്പോൾ കണക്കുകൂട്ടലുകൾ കീഴ്മേൽ മറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ, മറ്റു ടീമുകളുടെ മത്സര ഫലങ്ങൾ അനുകൂലമായാൽ ഓസ്ട്രേലിയൻ പരമ്പരയിൽ 2–2 സമനില വഴങ്ങിയാൽ പോലും ഇന്ത്യയ്ക്കു ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെത്താം. ഇനിയുള്ള 4 മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് ഫൈനൽ സാധ്യതയുള്ളൂ. നിലവിലെ പോയിന്റ് പട്ടികയനുസരിച്ച് വിവിധ ടീമുകളുടെ ഫൈനൽ സാധ്യത ഇങ്ങനെ.
ഇന്ത്യ
ഓസ്ട്രേലിയയെ 4–0ന് തോൽപിക്കുകയായിരുന്നു ഇന്ത്യയ്ക്കു മുന്നിൽ ഫൈനലിലേക്കുള്ള ‘നേർവഴി’. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും മത്സരങ്ങൾ വിജയിച്ച സാഹചര്യത്തിൽ, ഇതിനു പുറമേ മറ്റു 4 സാധ്യതകൾ കൂടിയുണ്ട്.
∙ സാധ്യത 1
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 5–0, 4–1, 4–0, 3–0 ഇതിൽ ഏതെങ്കിലുമൊരു മാർജിനിൽ ജയിച്ചാൽ മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഇന്ത്യയ്ക്കു നേരിട്ട് ഫൈനൽ കളിക്കാം.
∙ സാധ്യത 2
ഓസ്ട്രേലിയയെ ഇന്ത്യ 3–1നു തോൽപിക്കുകയാണെങ്കിൽ ദക്ഷിണാഫ്രിക്ക– ശ്രീലങ്ക രണ്ടാം ടെസ്റ്റിൽ ലങ്ക ജയിക്കുകയോ മത്സരം സമനിലയിൽ അവസാനിക്കുകയോ ചെയ്യണം.
∙ സാധ്യത 3
ഇന്ത്യ 3–2നാണ് ഓസ്ട്രേലിയയെ തോൽപിക്കുന്നതെങ്കിൽ ജനുവരിയിലെ ശ്രീലങ്ക– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിക്കണം.
∙ സാധ്യത 4
ബോർഡർ– ഗാവസ്കർ ട്രോഫി 2–2 സമനിലയിൽ പിരിഞ്ഞാലും ഇന്ത്യയ്ക്കു ഫൈനൽ സാധ്യതയുണ്ട്. ഇതിനായി ദക്ഷിണാഫ്രിക്ക– ശ്രീലങ്ക രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിക്കുകയും വരാനിരിക്കുന്ന ശ്രീലങ്ക– ഓസ്ട്രേലിയ പരമ്പരയിൽ ലങ്ക 2–0ന് ജയിക്കുകയും ചെയ്യണം.
ദക്ഷിണാഫ്രിക്ക
ശ്രീലങ്കയ്ക്കെതിരായ അവസാന ടെസ്റ്റും പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന പരമ്പരയും ജയിക്കുകയാണെങ്കിൽ മറ്റു ടീമുകളെ ആശ്രയിക്കാതെ ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാം. ഇതിൽ ഏതെങ്കിലും മത്സരം തോറ്റാൽ ഇന്ത്യ, ശ്രീലങ്ക ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ.
ശ്രീലങ്ക
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റും ഓസ്ട്രേലിയൻ പരമ്പരയും ജയിച്ചാൽ മാത്രമേ ശ്രീലങ്കയ്ക്ക് ഇനി ഫൈനൽ പ്രതീക്ഷയുള്ളൂ.
ന്യൂസീലൻഡ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് തോറ്റതോടെ ന്യൂസീലൻഡിന്റെ ഫൈനൽ പ്രതീക്ഷകൾ മങ്ങി. ഇംഗ്ലണ്ട് പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും ഇന്ത്യ– ഓസ്ട്രേലിയ, ശ്രീലങ്ക– ഓസ്ട്രേലിയ പരമ്പരകൾ സമനിലയിൽ അവസാനിച്ചാൽ മാത്രമേ ന്യൂസീലൻഡിന് ഇനി സാധ്യതയുള്ളൂ.
ഓസ്ട്രേലിയ
ഇനി ബാക്കിയുള്ള 6 മത്സരങ്ങളിൽ 4 ജയവും ഒരു സമനിലയും നേടിയാൽ ഓസ്ട്രേലിയയ്ക്ക് ഫൈനൽ ബെർത്ത് ഉറപ്പിക്കാം. ശ്രീലങ്കൻ പരമ്പര കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ലാത്തതിനാൽ ഇന്ത്യയ്ക്കെതിരെ ബാക്കിയുള്ള 4 മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കാനാകും ഓസീസിന്റെ ശ്രമം.
മറ്റു ടീമുകൾ
പോയിന്റ് ശതമാനത്തിൽ 50ൽ താഴെയുള്ള പാക്കിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകളുടെ ഫൈനൽ പ്രതീക്ഷ ഏറക്കുറെ അസ്തമിച്ചുകഴിഞ്ഞു. പോയിന്റ് പട്ടികയിൽ അവസാനത്തുള്ള ബംഗ്ലദേശും വെസ്റ്റിൻഡീസും നേരത്തേതന്നെ പുറത്തായി.