ADVERTISEMENT

കാൻബറ ∙ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യൻ താരം സർഫറാസ് ഖാൻ പുറത്തായപ്പോൾ ഡഗ്ഔട്ടിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം വൈറൽ. ഓസീസ് താരം ക്ലെയ്റ്റന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ചാണ് സർഫറാസ് പുറത്തായത്. ഇതുകണ്ട് രോഹിത് മുഖംപൊത്തി തലകുനിച്ചിരുന്നു. ഇതോടെയാണ് രോഹിത് ചിരിക്കുകയാണോ കരയുകയാണോ എന്ന ചോദ്യവുമായി കമന്റേറ്റർമാർ തന്നെ രംഗത്തെത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്‌ക്കായി എട്ടാമനായാണ് സർഫറാസ് ക്രീസിലെത്തിയത്. നാലു പന്തുകൾ മാത്രം നേരിട്ട സർഫറാസ് ഒരു റണ്ണുമായി ജാക്ക് ക്ലെയ്റ്റന്റെ പന്തിൽ പുറത്തായി.

ഇന്ത്യൻ ഇന്നിങ്സിലെ 44–ാം ഓവറിലാണ് സർഫറാസ് പുറത്തായത്. ഈ സമയം വാഷിങ്ടൻ സുന്ദറായിരുന്നു സർഫറാസിനൊപ്പം ക്രീസിൽ. ഇതിനിടെ ഇന്ത്യൻ ഇന്നിങ്സിന് വേഗം കൂട്ടാൻ ഡഗ്ഔട്ടിൽനിന്ന് ക്യാപ്റ്റൻ രോഹിത് ശർമ നിർദ്ദേശം നൽകി. 

ഇതിനു ശേഷം മൂന്നു പന്തു പിന്നിടുമ്പോഴാണ് സർഫറാസ് നിർഭാഗ്യകരമായ രീതിയിൽ പുറത്തായത്. ക്ലെയ്റ്റന്റെ പന്ത് ലെഗ് സൈഡിയിലേക്ക് കളിക്കാനുള്ള സർഫറാസിന്റെ ശ്രമം പാളി. താരത്തിന്റെ ബാറ്റിലുരഞ്ഞ് പന്ത് നേരെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി. 

ഉടൻതന്നെ അംപയർ ഔട്ട് നൽകിയതോടെ പന്ത് ബാറ്റിൽത്തട്ടിയിരുന്നോ എന്ന ആശയക്കുഴപ്പത്തിൽ സർഫറാസ് കുറച്ചുനേരം ക്രീസിൽനിന്നു. അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്യുന്ന ഡിആർഎസ് സംവിധാനം പരിശീലന മത്സരത്തിൽ ലഭ്യമല്ലാത്തതിനാൽ സർഫറാസ് ഡഗ്ഔട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് സർഫറാസ് പുറത്തായ സമയത്ത് രോഹിത് മുഖംപൊത്തി കുനിഞ്ഞിരിക്കുന്നത് ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ഇതോടെ രോഹിത് കരയുകയാണോ ചിരിക്കുകയാണോ എന്ന സംശയം കമന്റേറ്റർമാർ തന്നെ ഉന്നയിച്ചു. ചിരിക്കുകയാണെന്നാണ് തോന്നുന്നതെന്ന് അവർ തന്നെ പരസ്പരം പറയുന്നുമുണ്ടായിരുന്നു. അതേസമയം, പന്ത് സർഫറാസിന്റെ ബാറ്റിൽ സ്പർശിച്ചിരുന്നില്ലെന്ന വാദവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി.

English Summary:

Is Rohit Sharma 'Crying Or Laughing'? India Captain's Viral Reaction After Sarfaraz Khan's Dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com