കളി ജയിപ്പിച്ച ‘ടോപ് ഓർഡർ’ പൊളിയും, ക്യാപ്റ്റൻ രോഹിത്തിനെ എവിടെ കളിപ്പിക്കും? ടീം ഇന്ത്യയ്ക്ക് ആശയക്കുഴപ്പം
Mail This Article
അഡ്ലെയ്ഡ് ∙ ക്രിക്കറ്റിൽ നോൺ പ്ലേയിങ് ക്യാപ്റ്റൻ എന്നൊരു സങ്കൽപമില്ല. പക്ഷേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ അങ്ങനെ ചിന്തിച്ചാലും കുറ്റം പറയാനാകില്ല!. പരമ്പരയിലെ യഥാർഥ അഗ്നിപരീക്ഷയായ ഡേ–നൈറ്റ് ടെസ്റ്റിനായി അഡ്‌ലെയ്ഡ് ഓവൽ സ്റ്റേഡിയത്തിൽ കഠിന പരിശീലനം തുടരുന്ന ഇന്ത്യൻ ടീം ആശയക്കുഴപ്പത്തിലാണ്. ആദ്യ ടെസ്റ്റിൽ നിന്നു വിട്ടുനിന്ന ക്യാപ്റ്റൻ രോഹിത് ശർമയും പരുക്കു ഭേദമായ ശുഭ്മൻ ഗില്ലും മടങ്ങിയെത്തിയതോടെ, കഴിഞ്ഞ ടെസ്റ്റിൽ വിജയത്തിനു ചുക്കാൻ പിടിച്ച ടോപ് ഓർഡർ ലൈനപ്പ് അഴിച്ചു പണിയേണ്ടി വരുമോയെന്ന ധർമസങ്കടമാണത്.
ഓപ്പണറാകുമോ?
രോഹിത്തിന്റെ അഭാവത്തിൽ ജയ്സ്വാൾ– കെ.എൽ.രാഹുൽ ഓപ്പണിങ് ജോടിയെയാണ് ഇന്ത്യ പെർത്ത് ടെസ്റ്റിൽ പരീക്ഷിച്ചത്. പരീക്ഷണം നടത്തിയവരെ ഞെട്ടിച്ച് രണ്ടാം ഇന്നിങ്സിൽ ഇവർ കുറിച്ചത് 201 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിലും ഇതേ സഖ്യത്തെ ഓപ്പണിങ്ങിൽ നിലനിർത്തിയ ഇന്ത്യ രോഹിത്തിന്റെ സ്ഥാന മാറ്റത്തിന്റെ സൂചനകൾ നൽകി. എന്നാൽ കഴിഞ്ഞ 5 വർഷമായി, 37 ടെസ്റ്റുകളിൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന രോഹിത്തിനെ മധ്യനിരയിലേക്കു മാറ്റാൻ ടീം മാനേജ്മെന്റ് ധൈര്യപ്പെട്ടേക്കില്ല. നിലവിലെ ഓപ്പണർമാരുടെ ഫോം കൂടി കണക്കിലെടുത്ത് രോഹിത് മുൻകയ്യെടുത്തുള്ള ഒരു തീരുമാനമാണ് അവർ പ്രതീക്ഷിക്കുന്നത്. ഡേ– നൈറ്റ് ടെസ്റ്റുകളിലെ ഇന്ത്യൻ റൺവേട്ടയിൽ വിരാട് കോലി (277 റൺസ്) ഒന്നാമതുള്ളപ്പോൾ രണ്ടാംസ്ഥാനത്ത് രോഹിത്താണ്; 173 റൺസ്.
പന്തിനും താഴേക്ക് ?
ഓപ്പണറായില്ലെങ്കിൽ ബാറ്റിങ്ങിൽ മിഡിൽ ഓഡറിൽ രോഹിത് ഇറങ്ങാനാണ് കൂടുതൽ സാധ്യത. 2018ൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് രോഹിത് അവസാനമായി മധ്യനിരയിൽ ബാറ്റു ചെയ്തത്. പെർത്ത് ടെസ്റ്റിൽ ദേവ്‌ദത്ത് പടിക്കൽ പരാജയപ്പെട്ട വൺഡൗൺ പൊസിഷൻ അഡ്‍ലെയ്ഡിൽ ഒഴിഞ്ഞുകിടക്കുമ്പോൾ അതിലേക്ക് സാധ്യത ശുഭ്മൻ ഗില്ലിനു തന്നെയാണ്. ചേതേശ്വർ പൂജാരയ്ക്കുശേഷം ഈ പൊസിഷനിൽ ഇന്ത്യയുടെ വിശ്വസ്തനായി മാറിയ ഗിൽ സന്നാഹ മത്സരത്തിൽ അർധ സെഞ്ചറി നേടിയതും മൂന്നാമനായി ഇറങ്ങിയാണ്. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ മത്സരത്തിൽ കോലിയുടെ അഭാവത്തിൽ നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ രോഹിത്തിന് ഫോം തെളിയിക്കാനായില്ല.
കോലിയുടെ സ്ഥാനത്തിനും മാറ്റമുണ്ടാകില്ലെന്നതിനാൽ ഋഷഭ് പന്തിന് മുൻപ് അഞ്ചാം നമ്പർ എന്നൊരു ബാറ്റിങ് ഓപ്ഷനാണ് രോഹിത്തിന് മധ്യനിരയിലുള്ളത്. മധ്യനിരയിലെ ഏക ഇടംകൈ ബാറ്ററായ പന്തിനെ അഞ്ചാമനായി നിലനിർത്താൻ തീരുമാനിച്ചാൽ ആറാം നമ്പരിലേക്കുവരെ രോഹിത്തിന് താഴേണ്ടിവരും.
ഗൗതം ഗംഭീർ തിരിച്ചെത്തി
പെർത്ത് ടെസ്റ്റിനുശേഷം നാട്ടിലേക്കു മടങ്ങിയ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഓസ്ട്രേലിയയിൽ തിരിച്ചെത്തി. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിലേക്കു മടങ്ങിയ ഗംഭീർ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ മത്സരത്തിൽ ടീമിനൊപ്പമുണ്ടായിരുന്നില്ല. രോഹിത് ശർമയും ശുഭ്മൻ ഗില്ലും മടങ്ങിയെത്തിയതോടെ അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുകയാണ് ഗംഭീറിനു മുന്നിലുള്ള ആദ്യ കടമ്പ.