ഇന്ത്യയിൽ പാക്കിസ്ഥാൻ ടീമിന് ഭീഷണിയില്ല, അതുകൊണ്ട് ‘ഹൈബ്രിഡ്’ ഇവിടെ നടക്കില്ല; പാക്ക് ബോർഡിനോട് ബിസിസിഐ
Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ‘ഹൈബ്രിഡ് മോഡലിൽ’ നടത്തുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന് ബിസിസിഐ. അടുത്ത വർഷം പാക്കിസ്ഥാനില്‍ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ മാത്രം യുഎഇയിലേക്കു മാറ്റുന്നതിനാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചത്. പക്ഷേ 2031 വരെ ഇന്ത്യയിൽ നടക്കുന്ന ഐസിസി ചാംപ്യൻഷിപ്പുകളിൽ പാക്കിസ്ഥാനും ‘ഹൈബ്രിഡ്’ രീതി വേണമെന്ന ആവശ്യമാണ് പിസിബി ഉന്നയിച്ചത്.
ഐസിസി, ബിസിസിഐ, പിസിബി പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ, ഈ രീതി നടക്കില്ലെന്ന് ബിസിസിഐ പ്രതിനിധികൾ അറിയിച്ചതായാണു റിപ്പോർട്ടുകൾ. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാലാണ് പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കാതിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പാക്ക് ടീമിന് ഇത്തരത്തിലൊരു ഭീഷണി നിലനിൽക്കുന്നില്ലെന്നും ബിസിസിഐ നിലപാടെടുത്തു.
പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യയിൽ ഭീഷണിയില്ലാത്ത സാഹചര്യത്തിൽ ‘ഹൈബ്രിഡ് മോഡൽ’ സംവിധാനം ഇന്ത്യയിൽ ആവശ്യമില്ലെന്നും ബിസിസിഐ പിസിബിയെ ചർച്ചയിൽ അറിയിച്ചു. അടുത്ത വർഷത്തെ വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിലാണു നടക്കേണ്ടത്. 2026 ലെ പുരുഷ ട്വന്റി20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയർ. 2029 ലെ ചാംപ്യൻസ് ട്രോഫിയും 2031 ലെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കേണ്ടത്.
പിസിബിയുടെ ആവശ്യം അംഗീകരിച്ചാൽ ഈ ടൂർണമെന്റുകളിലെല്ലാം പാക്കിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയ്ക്കു പുറത്തു നടത്തേണ്ടിവരും. ചാംപ്യൻസ് ട്രോഫിയുടെ കാര്യത്തിൽ കടുംപിടിത്തം തുടർന്നാൽ മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയിരുന്നു.