ഒടുവിൽ രാജസ്ഥാന്റെ 13കാരൻ വൈഭവ് സൂര്യവംശി (46 പന്തിൽ 76 റൺസ്) ഏഷ്യാകപ്പിൽ ‘ക്ലിക്കായി’; ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം– വിഡിയോ
Mail This Article
ഷാർജ∙ ഐപിഎൽ താരലേലത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി കളത്തിലും മാറ്റു തെളിയിച്ചു. അണ്ടർ 19 ഏഷ്യാകപ്പിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ നിറംമങ്ങിയെങ്കിലും, യുഎഇയ്‌ക്കെതിരായ മത്സരത്തിൽ അർധസെഞ്ചറി നേടിയ വൈഭവിന്റെ മികവിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ആതിഥേയരായ യുഎഇയെ 10 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇ 44 ഓവറിൽ 137 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 33.5 ഓവർ ബാക്കിനിർത്തി വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ ലക്ഷ്യത്തിലെത്തി. വൈഭവ് സൂര്യവംശി 46 പന്തിൽ മൂന്നു ഫോറും ആറു സിക്സും സഹിതം 76 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഒൻപതു പന്തിൽ ഒരു റണ്ണെടുത്ത വൈഭവ്, രണ്ടാം മത്സരത്തിൽ ജപ്പാനെതിരെ 23 പന്തിൽ 23 റൺസെടുത്തും പുറത്തായിരുന്നു.
വൈഭവ് സൂര്യവംശിക്കു പുറമേ അർധസെഞ്ചറി നേടിയ ഓപ്പണർ ആയുഷ് മാത്രെയുടെ പ്രകടനവും ശ്രദ്ധേയമായി. 51 പന്തുകൾ നേരിട്ട ആയുഷ് നാലു വീതം സിക്സും ഫോറും സഹിതം 67 റൺസോടെയും പുറത്താകാതെ നിന്നു. അഞ്ച് ഓവറിൽ 19 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയ ആയുഷ് മാത്രെയാണ് കളിയിലെ കേമൻ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇ നിരയിൽ, രണ്ടക്കത്തിലെത്തിയത് നാലു പേർ. 48 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത റയാൻ ഖാൻ ടോപ് സ്കോററായി. ഓപ്പണർ അക്ഷത് റായ് (52 പന്തിൽ 26), എയ്ഥൻ ഡിസൂസ (27 പന്തിൽ 17), ഉദ്ധിഷ് സൂരി (46 പന്തിൽ 16) എന്നിവരാണ് ആതിഥേയരെ 137ൽ എത്തിച്ചത്.
ഇന്ത്യയ്ക്കായി യുദ്ധജിത് ഗുര മൂന്നും ചേതൻ ശർമ, ഹാർദിക് രാജ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ആയുഷ് മാത്രെ, കെ.പി. കാർത്തികേയ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.