ധോണിയോടു സംസാരിച്ചിട്ട് പത്തു വര്‍ഷത്തിലേറെയായി, ബഹുമാനം തിരിച്ചും വേണം: തുറന്നടിച്ച് ഹർഭജൻ
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിയുമായി അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ധോണിയോട് കാര്യമായൊന്നും സംസാരിക്കാത്ത 10 വർഷക്കാലം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഹർഭജൻ സിങ് പ്രതികരിച്ചത്. 2018 മുതൽ 2020 വരെ ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിങ്സിലാണ് ഹർഭജൻ കളിച്ചിരുന്നത്. ഈ കാലത്ത് ഗ്രൗണ്ടിൽവച്ചു പോലും ധോണിയോടു വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണു സംസാരിച്ചിട്ടുള്ളതെന്നാണ് ഹർഭജൻ സിങ്ങിന്റെ വാക്കുകൾ.
‘‘ഞാൻ ധോണിയോടു സംസാരിക്കാറുണ്ടായിരുന്നില്ല. ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുമ്പോൾ സംസാരിച്ചിട്ടുണ്ട്. പക്ഷേ മറ്റൊരു തരത്തിലുള്ള സംസാരവുമില്ല. പത്തു വർഷത്തിലേറെയായി. എന്നാൽ എനിക്ക് പറയാൻ ഒരു കാരണവുമില്ല. ചെന്നൈയിൽ കളിക്കുമ്പോൾ ഗ്രൗണ്ടിൽ വച്ചു മാത്രമാണ് ഞങ്ങൾ എന്തെങ്കിലും മിണ്ടിയിരുന്നത്. ഞാൻ ധോണിയുടെ മുറിയിലേക്കോ, ധോണി എന്റെ മുറിയിലേക്കോ വരാറില്ലായിരുന്നു.’’– ഹർഭജൻ സിങ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
ധോണിയോടു സംസാരിക്കാൻ പല വട്ടം ശ്രമിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും പിന്നീട് അങ്ങോട്ട് മിണ്ടാൻ പോയിട്ടില്ലെന്നും ഹർഭജൻ വ്യക്തമാക്കി. ‘‘എന്റെ ഫോൺ കോളുകൾ എടുക്കുന്നവരെ മാത്രമാണു ഞാൻ വിളിക്കുന്നത്. സൗഹൃദമുള്ളവരുമായി ഞാൻ എന്നും ബന്ധം സൂക്ഷിക്കാറുണ്ട്. ഒരു ബന്ധം എന്നത് കൊടുക്കൽ വാങ്ങൽ കൂടിയാണ്. ഞാൻ നിങ്ങളെ ബഹുമാനിക്കുമ്പോൾ ഇങ്ങോട്ടും അതു തിരിച്ചുകിട്ടണം.’’– ഹർഭജൻ സിങ് പ്രതികരിച്ചു.