ബാറ്റർമാർ നിരാശപ്പെടുത്തി, ഇന്ത്യൻ വനിതകൾ 100 റൺസിന് ഓൾഔട്ട്; ഒന്നാം ഏകദിനത്തിൽ ഓസീസിന് ജയം
Mail This Article
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവിയോടെ തുടക്കം. ബാറ്റർമാർ പൂർണമായും നിരാശപ്പെടുത്തിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 34.2 ഓവറിൽ 100 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കത്തിനു ശേഷം ചെറിയ തകർച്ചയിലേക്കു നീങ്ങിയെങ്കിലും, 33.4 ഓവർ ബാക്കിനിർത്തി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 6.2 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മേഗൻ ഷൂട്ടാണ് ഇന്ത്യയെ തകർത്തത്. ഡിസംബർ 8,11 തീയതികളിലാണ് മറ്റു മത്സരങ്ങൾ.
42 പന്തിൽ ഒരേയൊരു ഫോർ സഹിതം 23 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജമീമയ്ക്കു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കത്തിലെത്തിയത് മൂന്നു പേർ. ഹർലീൻ ഡിയോൾ 34 പന്തിൽ മൂന്നു ഫോറുകളോടെ 19 റൺസെടുത്തും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 31 പന്തിൽ രണ്ടു ഫോറുകളോടെ 17 റൺസെടുത്തും റിച്ച ഘോഷ് 35 പന്തിൽ 14 റൺസെടുത്തും പുറത്തായി.
സൂപ്പർതാരം സ്മൃതി മന്ഥന 10 പന്തിൽ രണ്ടു ഫോറുകൾ സഹിതം എട്ടു റൺസെടുത്ത് പുറത്തായി. പ്രിയ പൂനിയ (17 പന്തിൽ മൂന്ന്), ദീപ്തി ശർമ (നാലു പന്തിൽ ഒന്ന്), സൈമ താക്കൂർ (18 പന്തിൽ നാല്), ടൈറ്റസ് സന്ധു (നാലു പന്തിൽ രണ്ട്), പ്രിയ മിശ്ര (ആറു പന്തിൽ പൂജ്യം) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി മേഗൻ ഷൂട്ടിനു പുറമേ കിം ഗാർത്, ആഷ്‍ലി ഗാർഡ്നർ, അന്നാബെൽ സുതർലാൻഡ്, അലാന കിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫോയ്ബി ലിച്ഫീൽഡ്, ജോർജിയ വോൾ എന്നിവർ തിളങ്ങിയതോടെ ഓസീസ് വിജയം ഉറപ്പിച്ചു. ലിച്ഫീൽഡ് 29 പന്തിൽ എട്ടു ഫോറുകളോടെ 35 റൺസെടുത്ത് പുറത്തായി. ജോർജി വോൾ 42 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 46 റൺസുമായി പുറത്താകാതെ നിന്നു.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 48 റൺസ് എന്ന നിലയിലായിരുന്ന ഓസീസ് ലിച്ഫീൽഡ് പുറത്തായതിനു പിന്നാലെ തകർച്ചയിലേക്കു നീങ്ങിയെങ്കിലും ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ അധികം റൺസില്ലാത്തതു തുണയായി. 49 റൺസിനിടെ 5 വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. എലിസ് പെറി (ഒന്ന്), ബേത് മൂണി (ഒന്ന്), സുതർലാൻഡ് (ആറ്), ആഷ്‍ലി ഗാർഡ്നർ (എട്ട്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടാലിയ മഗ്രോ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രേണുക താക്കൂർ ഏഴ് ഓവറിൽ 45 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര രണ്ട് ഓവറിൽ 11 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.