രോഹിത്തിനെയും പന്തിനെയും സിക്സടിക്കാൻ നിർബന്ധിച്ചു, താരത്തിന് ബോഡി ഷെയ്മിങ്: പരിശീലനത്തിനിടെ ഫാൻസിന്റെ അഴിഞ്ഞാട്ടം– വിഡിയോ
Mail This Article
അഡ്‍ലെയ്‍ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ടീമിന്റെ പരിശീലനം നേരിട്ടു കാണാൻ സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ കുത്തഴിഞ്ഞ പെരുമാറ്റം വൻ വിവാദത്തിൽ. ഒരു ഇന്ത്യൻ താരം ‘ബോഡി ഷെയ്മിങ്ങി’നു പോലും വിധേയനായതായാണ് റിപ്പോർട്ട്. പരിശീലനം നടത്തുന് താരങ്ങൾക്കു സമീപത്തുചെന്ന് സുഹൃത്തുക്കൾക്കൊപ്പം ഫെയ്സ്ബുക് ലൈവ് ചെയ്തും ലൈവിൽ ‘ഹായ്’ പറയാൻ താരങ്ങളെ നിർബന്ധിച്ചും ആരാധകർ ‘ആഘോഷ’മാക്കിയതോടെ, തുറന്ന സ്റ്റേഡിയത്തിലെ പരിശീലനം ഇന്ത്യൻ ടീം ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരോട് സിക്സടിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടും ആരാധകർ പ്രയാസം സൃഷ്ടിച്ചു.
ഓസ്ട്രേലിയയിൽ ടീമുകൾ പരിശീലനം സ്റ്റേഡിയത്തിലെത്തി നേരിട്ടു വീക്ഷിക്കാൻ പ്രത്യേക ദിവസങ്ങളിൽ അനുമതി നൽകാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകിയ ദിവസമാണ് ആരാധകരുടെ ഭാഗത്തുനിന്ന് കളിക്കാർക്ക് വലിയ തോതിൽ മോശം അനുഭവമുണ്ടായത്. ഇതോടെ, പരിശീലന സെഷൻ അടച്ചിട്ട സ്റ്റേഡിയത്തിലാക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഓസ്ട്രേലിയൻ ബോർഡുമായി ചർച്ച നടത്തി.
‘‘കഴിഞ്ഞ ദിവസം പരിശീലന വേദിയിൽ ആകെ കുത്തഴിഞ്ഞ അവസ്ഥയായിരുന്നു. ഇതേ വേദിയിൽ ഓസ്ട്രേലിയൻ ടീം പരിശീലനം നടത്തുമ്പോൾ 70 പേരു പോലും സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. ഇന്ത്യൻ താരങ്ങൾ പരിശീലനത്തിന് എത്തിയതോടെ മൂവായിരത്തിലധികം പേരാണ് കാണികളായി എത്തിയത്. ഇത്രയും പേർ എത്തുമെന്ന് ആരും കരുതിയില്ല’ – ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്തു.
‘‘സിഡ്നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിനു മുന്നോടിയായും പരിശീലന വേദിയിലേക്ക് ആരാധകർക്ക് പ്രവേശനം അനുവദിക്കുന്ന ഫാൻസ് ഡേയ്ക്ക് പദ്ധതിയിട്ടിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അത് ഒഴിവാക്കി. പരിശീലനം കാണാനെത്തിയ ആരാധകരുടെ വാക്കുകളും പ്രവൃത്തികളും കളിക്കാർക്ക് അത്രമാത്രം അസഹനീയമായിരുന്നു’ – ബിസിസിഐ പ്രതിനിധി പറഞ്ഞു.
ഇതിനിടെ, ഒരു വിഭാഗം ആളുകൾ സൂപ്പർതാരം വിരാട് കോലിക്കും യുവതാരം ശുഭ്മാൻ ഗില്ലിനും ചുറ്റും തടിച്ചുകൂടിയത് വൻ സുരക്ഷാ ഭീഷണി സൃഷ്ടിച്ചു. ഇരുവരും പരിശീലനത്തിന് തയാറെടുക്കുമ്പോൾ ചുറ്റിലും കൂടിയ ആരാധകർ, അലറിവിളിച്ചും ഉച്ചത്തിൽ സംസാരിച്ചും വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. ഇതിനിടെ ചില ആളുകൾ താരങ്ങള്‍ക്കു മുന്നിലും വശങ്ങളിലുമായി നിന്ന് ഫെയ്സ്ബുക്ക് ലൈവ് ഉൾപ്പെടെയുള്ള ‘പരീക്ഷണ’ങ്ങളും നടത്തി.
‘‘വിരാട് കോലിയും ശുഭ്മൻ ഗില്ലും ആരാധകക്കൂട്ടത്തിനിടയിൽപ്പെട്ടു. ഇതിനിടെ ചിലർ സുഹൃത്തുക്കൾക്കൊപ്പം ഫെയ്സ്ബുക് ലൈവ് ചെയ്യുന്നതും കാണാമായിരുന്നു. താരങ്ങൾ പരിശീലനത്തിന് തയാറെടുക്കുമ്പോൾ ഒപ്പംനിന്ന് വലിയ ശബ്ദത്തിൽ സംസാരിച്ചും മറ്റും അന്തരീക്ഷം ആകെ കലുഷിതമാക്കി. ഇതിനിടെ ആരാധകരിൽ ഒരാൾ ഗുജറാത്തിയിൽ താരങ്ങളോട് ‘ഹായ്’ പറയാൻ നിർബന്ധിക്കുന്നതും കാണാമായിരുന്നു. ഒരു താരത്തെ ആരാധകർ ‘ബോഡി ഷെയ്മിങ്’ നടത്തുകയും ചെയ്തു’ – ബിസിസിഐ പ്രതിനിധി വിശദീകരിച്ചു.
ആരാധകർക്കു മുന്നിൽവച്ച് പരിശീലനം നടത്തുന്നത് ‘വ്യത്യസ്തമായ അനുഭവ’മാണെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ഇന്ത്യൻ താരം കെ.എൽ. രാഹുൽ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലനം കാണാനെത്തിയ ആരാധകർ താരങ്ങൾക്ക് പ്രയാസം സൃഷ്ടിച്ച് വിവാദത്തിൽ ചാടിയത്.