ഓപ്പണർ കെ.എൽ. രാഹുൽ തന്നെ, തീരുമാനം ടീമിന്റെ നല്ലതിനു വേണ്ടി: മധ്യനിരയിൽ കളിക്കുമെന്ന് രോഹിത്
Mail This Article
അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണറായി കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. വെള്ളിയാഴ്ച അഡ്‍ലെയ്‍ഡിൽ തുടങ്ങുന്ന മത്സരത്തിൽ മധ്യനിരയിലായിരിക്കും താൻ ബാറ്റു ചെയ്യുകയെന്ന് രോഹിത് വ്യക്തമാക്കി. ഇതോടെ പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്കായി തിളങ്ങിയ യശസ്വി ജയ്സ്വാൾ– കെ.എൽ. രാഹുൽ സഖ്യം തന്നെ അഡ്‍ലെയ്ഡിലും ഓപ്പണർമാരാകും. പെർത്തിൽ അർധ സെഞ്ചറി നേടിയ രാഹുൽ, രണ്ടാം ടെസ്റ്റിൽ മധ്യനിരയിലേക്കു മാറുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ മത്സരത്തിനു മുൻപു നടത്തിയ വാർത്താ സമ്മേളനത്തിൽ, നിലവിലെ ‘ടോപ് ഓര്‍ഡർ’ പൊളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് രോഹിത് ശർമ പ്രതികരിച്ചു. ‘‘കെ.എൽ. രാഹുൽ ആയിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഞാൻ മധ്യനിരയിൽ എവിടെയെങ്കിലും കളിക്കും. എളുപ്പമല്ലെങ്കിലും ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.’’– രോഹിത് ശർമ പ്രതികരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.
ഇന്ത്യയിൽ നടന്ന പരമ്പരയിൽ കിവീസിനോട് വൈറ്റ് വാഷ് തോൽവി വഴങ്ങിയ ക്ഷീണവുമായി ഓസ്ട്രേലിയയിലെത്തിയ ടീം ഇന്ത്യ ആദ്യ ടെസ്റ്റിൽ 295 റൺസ് വിജയമാണു നേടിയത്. ആദ്യ ഇന്നിങ്സിൽ 150 റൺസിന് ഓൾഔട്ടായ ശേഷമായിരുന്നു മത്സരത്തിലേക്ക് ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയത്.
രണ്ടാം ഇന്നിങ്സിൽ 487 റൺസെന്ന വമ്പൻ സ്കോർ ഉയർത്തിയ ഇന്ത്യ ഓസ്ട്രേലിയയെ 238 റൺസിൽ പുറത്താക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ സെഞ്ചറി (297 പന്തിൽ 161) നേടിയപ്പോൾ, അർധ സെഞ്ചറിയുമായി (176 പന്തിൽ 77) കെ.എൽ. രാഹുലും തിളങ്ങിയിരുന്നു.