ADVERTISEMENT

അഡ്‍ലെയ്ഡ് ∙ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കെതിരെ പിടിച്ചുനിൽക്കാൻ ഓസ്ട്രേലിയയുടെ ശ്രമം. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 33 ഓവറിൽ ഒരു വിക്കറ്റിന് 86 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. നേഥൻ മക്സ്വീനി (97 പന്തിൽ 38), മാർനസ് ലബുഷെയ്ൻ (67 പന്തിൽ 20) എന്നിവർ പുറത്താകാതെനിൽക്കുന്നു.

ഓപ്പണർ ഉസ്മാൻ ഖവാജയാണ് ആദ്യ ദിനം പുറത്തായ ഓസ്ട്രേലിയൻ ബാറ്റർ‌. 35 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത ഖവാജയെ, ജസ്പ്രീത് ബുമ്രയുടെ പന്തിൽ സ്ലിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതോടെ, ഈ കലണ്ടർ വർഷം ടെസ്റ്റിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമായി ബുമ്ര മാറി. ഒരു കലണ്ടർ വർഷം 50 വിക്കറ്റ് നേടുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാരനാണ് ബുമ്ര.

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 44.1 ഓവറിലാണ് 180 റൺസിന് പുറത്തായത്. 54 പന്തിൽ മൂന്നു വീതം സിക്സും ഫോറും  സഹിതം 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ. രാഹുൽ (64 പന്തിൽ 37), ശുഭ്മൻ ഗിൽ (51 പന്തിൽ 31), ഋഷഭ് പന്ത് (35 പന്തിൽ 21), രവിചന്ദ്രൻ അശ്വിൻ (22 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ ഉറപ്പാക്കി.

ഓസീസിനായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. സ്റ്റാർക്ക് 14.1 ഓവറിൽ 48 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് കരിയറിൽ ഒരു ഇന്നിങ്സിൽ സ്റ്റാർക്കിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. 2016ൽ ശ്രീലങ്കയ്‌ക്കെതിരെ ഗോളിൽ 50 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ഇന്ന് മെച്ചപ്പെടുത്തിയത്. ക്യാപ്റ്റൻ പാറ്റ് കമിൻസ് 12 ഓവറിൽ 41 റൺസ് വഴങ്ങിയും സ്കോട് ബോളണ്ട് 13 ഓവറിൽ 54 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

∙ തകർച്ചയോടെ തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയായിരുന്നു മടക്കം. രണ്ടാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി ശുഭ്മൻ ഗില്ലും കെ.എൽ. രാഹുലും ഇന്ത്യയുടെ രക്ഷകരാകുമെന്ന് തോന്നലുയർന്നു. 113 പന്തിൽ 69 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ രാഹുൽ മടങ്ങി. സ്റ്റാർക്കിന്റെ പന്തിൽ മക്‌സ്വീനിക്ക് ക്യാച്ച്. ഇടയ്ക്ക് ബോളണ്ടിന്റെ ഓവറിൽ ലഭിച്ച ‘ഇരട്ട ലൈഫ്’ മുതലാക്കാനാകാതെ മടക്കം.

തൊട്ടുപിന്നാലെ വിരാട് കോലി എട്ടു പന്തിൽ ഏഴു റൺസോടെയും ശുഭ്മൻ ഗിൽ 51 പന്തിൽ 31 റൺസോടെയും പുറത്തായതോടെ ഇന്ത്യ വീണ്ടും തകർച്ച മുന്നിൽക്കണ്ടു. കോലിയെ മിച്ചൽ സ്റ്റാർക്ക് സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചപ്പോൾ, അഞ്ച് ഫോറുകളോടെ 31 റൺസെടുത്ത ഗില്ലിനെ സ്കോട് ബോളണ്ട് എൽബിയിൽ കുരുക്കി.

ആറു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ക്യാപ്റ്റൻ രോഹിത് ശർമയും പവലിയനിൽ തിരിച്ചെത്തി. ഓപ്പണറിൽനിന്ന് മധ്യനിരയിലേക്കുള്ള മാറ്റവും വിഫലം. അനായാസം സ്വതിസിദ്ധമായ ശൈലിയിൽ കളിച്ചുതുടങ്ങിയ ഋഷഭ് പന്ത് ഇരട്ട ബൗണ്ടറികളുമായി പ്രതീക്ഷ നൽകിയെങ്കിലും, ഇന്ത്യ 100 കടന്ന് അധികം വൈകാതെ പുറത്തായി. ഓസീസ് നായകൻ പാറ്റ് കമിൻസിന്റെ പന്തിൽ മാർനസ് ലബുഷെയ്ന് അനായാസ ക്യാച്ച്.

ഏഴാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച അശ്വിൻ – നിതീഷ് റെഡ്ഡി സഖ്യം വീണ്ടും പ്രതീക്ഷ നൽകി. മികച്ച ‘ടച്ചോ’ടെ കളിച്ച അശ്വിനും റെഡ്ഡിയും ചേർന്ന് സ്കോർബോർഡിലെത്തിച്ചത് 32 റൺസ്. അശ്വിനെ പുറത്താക്കി സ്റ്റാർക്കാണ് കൂട്ടുകെട്ടു പൊളിച്ചത്. 22 പന്തിൽ മൂന്നു ഫോറുകളോടെ അശ്വിൻ നേടിയത് 22 റൺസ്.

തൊട്ടുപിന്നാലെ ഹർഷിത് റാണ ഡക്കായെങ്കിലും, ഒൻപതാം വിക്കറ്റിൽ ബുമ്രയെ ഒരറ്റത്തുനിർത്തി നിതീഷ് റെഡ്ഡി അഴിച്ചുവിട്ട ആക്രമണമാണ് ഇന്ത്യയെ 180ന് അടുത്തെത്തിച്ചത്. 54 പന്തിൽ മൂന്നു വീതം ഫോറും സിക്സും സഹിതം 42 റൺസെടുത്ത റെഡ്ഡി, ബുമ്രയ്‌ക്കൊപ്പം സ്കോർബോർഡിൽ എത്തിച്ചത് 35 റൺസ്. ഇതിൽ ബുമ്രയുടെ സംഭാവന പൂജ്യം! ബുമ്രയെ പുറത്താക്കി ക്യാപ്റ്റൻ കമിൻസാണ് കൂട്ടുകെട്ടു പൊളിച്ചത്. പതിനൊന്നാമനായി എത്തിയ മുഹമ്മദ് സിറാജ് ബൗണ്ടറിയുമായി തുടക്കമിട്ടെങ്കിലും, റെഡ്ഡിയെ വീഴ്ത്തി സ്റ്റാർക്ക് തന്നെ ഇന്ത്യൻ ഇന്നിങ്സിന് വിരാമമിട്ടു.

നേരത്തേ, ടോസ് ലഭിച്ച രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് പുറത്തായത്. താൻ മധ്യനിരയിലാകും ബാറ്റു ചെയ്യുകയെന്ന് രോഹിത് വിശദീകരിച്ചതോടെ, കെ.എൽ. രാഹുൽ – യശസ്വി ജയ്സ്വാൾ സഖ്യമാകും ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്യുകയെന്ന് ഉറപ്പായി. ഓസീസ് നിരയിൽ പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ട് ടീമിലെത്തി.

English Summary:

Australia vs India, 2nd Test, Day 1 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com