സച്ചിന്റെ കൈ പിടിച്ചിട്ടും എഴുന്നേൽക്കാനായില്ല; കാംബ്ലി മദ്യപിച്ചിട്ടില്ല, വൈകാരിക പ്രതികരണമെന്ന് സുഹൃത്ത്
Mail This Article
മുംബൈ∙ സച്ചിൻ തെൻഡുൽക്കറുമായി കൂടിക്കാഴ്ച നടത്തുമ്പോൾ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് മാർകസ് കോട്ടോ. മുംബൈയിൽ രമാകാന്ത് അച്‍രേക്കറുടെ ശിഷ്യൻമാർ സംഘടിപ്പിച്ച പരിപാടിയിൽവച്ചായിരുന്നു സച്ചിൻ തെൻഡുൽക്കറും വിനോദ് കാംബ്ലിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. വിനോദ് കാംബ്ലി സച്ചിൻ തെൻഡുൽക്കറുടെ കൈ മുറുകെപ്പിടിച്ച് ഏറെ നേരം സംസാരിക്കുകയും, സംഘാടകർ ആവശ്യപ്പെട്ടിട്ടും സച്ചിന്റെ കൈ വിടാതിരിക്കുകയും ചെയ്തിരുന്നു.
സച്ചിനോട് സംസാരിക്കുന്നതിനായി എഴുന്നേൽക്കാൻ ശ്രമിക്കുന്ന കാംബ്ലി, അതിനു സാധിക്കാതെ കസേരയിൽ തന്നെ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായി. അതിനു പിന്നാലെയാണു വിശദീകരണവുമായി കാംബ്ലിയുടെ അടുത്ത സുഹൃത്തു തന്നെ രംഗത്തെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന വിനോദ് കാംബ്ലി മദ്യപിച്ചിട്ട് ഒരു വർഷത്തോളമായെന്ന് മാർകസ് കോട്ടോ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
‘‘അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. വിനോദ് കാംബ്ലി മദ്യം തൊട്ടിട്ട് ഒരു വര്‍ഷത്തോളമായി. സച്ചിനെ കണ്ടപ്പോൾ അദ്ദേഹം വളരെയേറെ വൈകാരികമായിപ്പോയി. സച്ചിനുമായി നന്നായിത്തന്നെ സംസാരിച്ചു. പരിപാടിയിൽ പങ്കെടുക്കാനും, സച്ചിനെ കാണാനും വളരെ ആവേശത്തിലാണ് കാംബ്ലി വേദിയിലെത്തിയത്.’’– മാർകസ് പ്രതികരിച്ചു. കാംബ്ലി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും മാർകസ് വ്യക്തമാക്കി.
ഇപ്പോഴത്തെ അവസ്ഥയിൽ കാംബ്ലിയെ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയതായി ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പർ സമീർ ദിഗെയും പ്രതികരിച്ചു. ‘‘ഞങ്ങൾ മുംബൈയ്ക്കു വേണ്ടി 14 വർഷം ഒരുമിച്ചു കളിച്ചവരാണ്. അദ്ദേഹത്തിനു വേണ്ടി ഞാൻ ദൈവത്തോടു പ്രാർഥിക്കുകയാണ്. കാംബ്ലിയുടെ അവസ്ഥയിൽ വളരെയേറെ സങ്കടം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞുപോയി.’’– സമീർ ദിഗെ വ്യക്തമാക്കി.