സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ അനുജനും ട്വന്റി20 ക്രിക്കറ്റിലേക്ക്; അഭിനന്ദിച്ച് ഷമി, അഭിമാനമെന്ന് കുറിപ്പ്
Mail This Article
രാജ്കോട്ട്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച് സഹോദരൻ മുഹമ്മദ് കൈഫിന് ആശംസയുമായി ഇന്ത്യൻ താരം മുഹമ്മദ് ഷമി. ഇന്നലെ നടന്ന, രാജസ്ഥാനെതിരായ മത്സരത്തിലൂടെയാണ് മുഹമ്മദ് കൈഫ് ബംഗാൾ ജഴ്സിയിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരങ്ങേറിയത്. മുഹമ്മദ് ഷമിയും മത്സരത്തിൽ കളിച്ചിരുന്നു. രാജസ്ഥാനെ ഏഴു വിക്കറ്റിനു തകർത്ത് ഗ്രൂപ്പ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ബംഗാൾ ക്വാർട്ടറിൽ കടക്കുകയും ചെയ്തു.
‘‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ച എന്റെ സഹോദരൻ മുഹമ്മദ് കൈഫിന് അഭിനന്ദനങ്ങൾ. ക്രിക്കറ്റിന്റെ തലത്തിൽ അരങ്ങേറ്റം കുറിക്കുന്നത് നിർണായകമായ ഒരു ചുവടുവയ്പാണ്. നിന്നെയോർത്ത് എനിക്ക് അഭിമാനമുണ്ട്. കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുക, ഈ യാത്ര ആസ്വദിക്കുക. നമ്മുടെ കുടുംബം ഒന്നാകെ നിനക്കു പിന്നിലുണ്ട്’ – ഷമി എക്സിൽ കുറിച്ചു.
രാജസ്ഥാനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മുഹമ്മദ് കൈഫിന് കാര്യമായി തിളങ്ങാനായില്ലെങ്കിലും, മുഹമ്മദ് ഷമിയുടെ തകർപ്പൻ ബോളിങ് പ്രകടനം ബംഗാളിന്റെ വിജയത്തിൽ നിർണായകമായി. നാല് ഓവറിൽ 26 റൺസ് വഴങ്ങി ഷമി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. സഹോദരൻ കൈഫും നാല് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, 44 റൺസ് വഴങ്ങുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസാണ്. കാർത്തിക് ശർമ (29 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 46), ക്യാപ്റ്റൻ മഹിപാൽ ലോംറോർ (37 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 45) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് പോറൽ, ക്യാപ്റ്റൻ സുദീപ് കുമാർ ഗരാമി എന്നിവർ അർധസെഞ്ചറികളുമായി തിളങ്ങിയതോടെ ബംഗാൾ അനായാസം വിജയത്തിലെത്തി. പോറൽ 48 പന്തിൽ ഏഴു ഫോറും നാലു സിക്സും സഹിതം 78 റൺസെടുത്തു. സുദീപ് 45 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 50 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാനായി അനികേത് ചൗധരി 3.3 ഓവറിൽ 37 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.