ADVERTISEMENT

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ മാര്‍നസ് ലബുഷെയ്നുനേരെ പന്തു വലിച്ചെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ രോഷപ്രകടനം. റൺ അപ് പൂർത്തിയാക്കിയ സിറാജ് പന്തെറിയുന്നതിനു തൊട്ടുമുൻപ് ലബുഷെയ്ൻ പന്തു നേരിടാതെ പിൻമാറുകയായിരുന്നു. ഇത് രസിക്കാതിരുന്ന സിറാജ് ഓസ്ട്രേലിയൻ ബാറ്റർക്കു നേരെ പന്ത് വലിച്ചെറിഞ്ഞു. സംഭവത്തിന്റെ ദ‍ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഇന്ത്യൻ താരത്തിനെതിരെ വിമർശനം കടുക്കുകയാണ്.

ബോളറുടെ പിറകിലുള്ള ഗാലറിയിൽവച്ച് ഒരാൾ സൈറ്റ് സ്ക്രീനിന്റെ ഭാഗത്തുകൂടെ കപ്പുകളുമായി നടന്നുപോയതോടെയാണ് ലബുഷെയ്ൻ പന്തു നേരിടാതെ പിൻവാങ്ങിയത്. ഓസീസ് ഇന്നിങ്സിന്റെ 25–ാം ഓവറിലായിരുന്നു സംഭവം. ഗാലറിയിലൂടെ ഒരാൾ നടന്നുപോയത് കാഴ്ചയെ ബാധിക്കുമെന്നതിനാലായിരുന്നു ഓസീസ് ബാറ്ററുടെ പിൻമാറ്റം. ഇതു വിശദീകരിക്കാൻ ഓസ്ട്രേലിയൻ താരം ശ്രമിക്കുന്നുണ്ടെങ്കിലും സിറാജ് രോഷത്തോടെ പ്രതികരിക്കുകയായിരുന്നു.

സിറാജ് എറിഞ്ഞ പന്ത് ലബുഷെയ്ന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സംഭവത്തിനു ശേഷം ഇരുവരും ഗ്രൗണ്ടിൽവച്ച് തർക്കിച്ചു. മത്സരത്തിന്റെ ആദ്യ ദിവസം ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. നേഥൻ മക്സ്വീനി (97 പന്തിൽ 38), മാർനസ് ലബുഷെയ്ൻ (67 പന്തിൽ 20) എന്നിവരാണു ബാറ്റിങ് തുടരുന്നത്. ഓപ്പണർ ഉസ്മാൻ ഖവാജയാണ് ആദ്യ ദിനം പുറത്തായ ഓസ്ട്രേലിയൻ ബാറ്റർ‌. 35 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത ഖവാജയെ, ജസ്പ്രീത് ബുമ്ര ഔട്ടാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 44.1 ഓവറില്‍ 180 റൺസെടുത്തു പുറത്തായി. 54 പന്തിൽ മൂന്നു വീതം സിക്സും ഫോറും  സഹിതം 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ. രാഹുൽ (64 പന്തിൽ 37), ശുഭ്മൻ ഗിൽ (51 പന്തിൽ 31), ഋഷഭ് പന്ത് (35 പന്തിൽ 21), രവിചന്ദ്രൻ അശ്വിൻ (22 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട സ്കോറുകൾ കണ്ടെത്തി. മിച്ചൽ സ്റ്റാർക്ക് 14.1 ഓവറിൽ 48 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.

English Summary:

Siraj and Labuschagne in heated exchange after Australian batter interrupts Indian bowler's run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com